Advertisment

രക്ഷാദൗത്യം ആറാംദിനം; ടണലിന്റെ 21 മീറ്റര്‍ വരെ തുരന്നു; 40 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമം നിര്‍ണായക ഘട്ടത്തില്‍

New Update
1397736-tunnel-rescue.webp

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ നിര്‍മ്മാണത്തിലിരുന്ന തുരങ്കം തകര്‍ന്ന് കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം തുടരുന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ 40 തൊഴിലാളികളാണ് കുടുങ്ങിക്കിടക്കുന്നത്. അപകടമുണ്ടായിട്ട് 120 മണിക്കൂര്‍ കഴിഞ്ഞു. 

Advertisment

ശക്തമായ യന്ത്രം ഉപയോഗിച്ച് രാത്രി മുഴുവന്‍ നടത്തിയ പരിശ്രമത്തെത്തുടര്‍ന്ന് അവശിഷ്ടങ്ങള്‍ക്കിടയിലൂടെ, തകര്‍ന്ന സില്‍ക്യാര ടണലിന്റെ 21 മീറ്റര്‍ വരെ തുരന്നിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ സമീപത്തേക്കെത്തിക്കാന്‍ 60 മീറ്റര്‍ വരെ തുരക്കേണ്ടതുണ്ട്. 

അതിനുശേഷം 800 മില്ലീമീറ്ററും 900 മില്ലീമീറ്ററും വ്യാസമുള്ള പൈപ്പുകള്‍ ഒന്നിന് പുറകെ ഒന്നായി തുരങ്കത്തിലേക്ക് തിരുകിക്കയറ്റും. ഇതുവഴി കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ പുറത്തെത്തിക്കാനാണ് നീക്കം. സില്‍ക്യാര തുരങ്കത്തിന്റെ പ്രവേശന ഭാഗത്തു നിന്ന് 270 മീറ്റര്‍ അകലെ വരെ അവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടിക്കിടക്കുകയാണെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.

കുടുങ്ങിക്കിടക്കുന്ന തൊഴിലാളികള്‍ സുരക്ഷിതരാണെന്നും അവരുടെ മനോവീര്യം നിലനിറുത്താന്‍ അവരുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും ഉത്തരകാശി ജില്ലാ കലക്ടര്‍ അഭിഷേക് റൂഹേല പറഞ്ഞു. ഓക്സിജനും മരുന്നുകളും ഭക്ഷണവും വെള്ളവും പൈപ്പുകളിലൂടെ വിതരണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഞായറാഴ്ച പുലര്‍ച്ചെ നാലുമണിക്കാണ് തുരങ്കം തകര്‍ന്നത്. നാലര കിലോമീറ്റര്‍ വരുന്ന ടണലിന്റെ 150 മീറ്റര്‍ ഭാഗമാണ് തകര്‍ന്നത്. സില്‍ക്യാരയെ ദണ്ഡല്‍ഗാവുമായി ബന്ധിപ്പിക്കുന്നതാണ് നിര്‍ദിഷ്ട തുരങ്കം.

തുരങ്കത്തിന്റെ ഒരുഭാഗം തകര്‍ന്നതിനെത്തുടര്‍ന്ന് ഞായറാഴ്ച രാവിലെ മുതല്‍ തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുകയാണ്. തൊഴിലാളികളെ രക്ഷിക്കാന്‍ തായ്ലന്‍ഡ്, നോര്‍വെ എന്നിവിടങ്ങളില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകരും രക്ഷാദൗത്യത്തില്‍ സജീവമാണ്. 

Advertisment