ഉത്തരകാശി: ഉത്തരകാശിയിൽ തുരങ്കത്തിനുളളിൽ കുടുങ്ങിയ ആളുകളെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ ആറാം ദിവസവും തുടരുന്നു. കഴിഞ്ഞ ദിവസം നടത്തിയ രക്ഷാപ്രവർത്തനം കാര്യമായ മുന്നേറ്റം നടത്തിയിരുന്നു.
നൂതന ആഗർ ഡ്രില്ലിംഗ് മെഷീൻ ഉപയോഗിച്ച് വെള്ളിയാഴ്‌ച രാവിലെ ആറു മണി വരെ തുരങ്കത്തിനുള്ളിൽ നടത്തിയ രക്ഷാപ്രവർത്തനം, അടിഞ്ഞുകൂടിയ അവശിഷ്ടങ്ങളുടെ 21 മീറ്റർ വരെ തുരന്നതായി എമർജൻസി ഓപ്പറേഷൻ സെന്ററിലെ സിൽക്യാര കൺട്രോൾ റൂം അറിയിച്ചു.
എന്നാൽ, അവശിഷ്ടങ്ങൾക്കുള്ളിൽ കഠിനമായ ഒരു പദാർത്ഥത്തിന്റെ സാന്നിധ്യം കാരണം ഡ്രില്ലിംഗ് പ്രക്രിയ താൽക്കാലികമായി നിർത്തിവച്ചു. ഇത് രക്ഷാ പ്രവർത്തനത്തെ കൂടുതൽ സങ്കീർണ്ണമാക്കുന്നു.
കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ അടുത്ത് എത്താൻ ഏകദേശം 45 മുതൽ 60 മീറ്റർ വരെ ഡ്രില്ലിംഗ് തുടരേണ്ടിവരുമെന്നാണ് അധികൃതർ കണക്കാക്കുന്നത്. മണിക്കൂറിൽ 5 മീറ്റർ എന്ന രീതിയിലാണ് മെഷീൻ പ്രവർത്തിക്കുന്നത്. ഇത് മുൻപ് ഉണ്ടായിരുന്ന മെഷീന്റെ ശേഷിയേക്കാൾ കൂടുതലാണ്.
തൊഴിലാളികളുടെ മാനസികാരോഗ്യം നിരീക്ഷിക്കുന്നതിനും അവർക്ക് പിന്തുണ നൽകുന്നതിനുമായി തുടർച്ചയായ ആശയവിനിമയം നടത്തുന്നുണ്ട്. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾക്ക് പൈപ്പുകളിലൂടെ ഭക്ഷണവും വെള്ളവും ഓക്സിജനും നൽകുന്നു.
വോക്കി-ടോക്കികൾ വഴി രക്ഷാപ്രവർത്തകരുമായി അവർ ബന്ധപ്പെടുന്നുണ്ട്. കൂടാതെ തുരങ്കത്തിന് സമീപം മെഡിക്കൽ അടിസ്ഥാന സൗകര്യവും സ്ഥാപിച്ചിട്ടുണ്ട്. സമീപത്തെ ആശുപത്രികളും സജ്ജമാണ്.
മുൻ ഡ്രിൽ മെഷീൻ തകരാറിലായതോടെയാണ് നൂതന ഡ്രില്ലിങ് ഉപകരണങ്ങൾ ഉപയോഗിച്ചത്. ഇന്ത്യൻ വ്യോമസേനയുടെ സഹായത്തോടെയാണ് പുതിയ ഡ്രില്ലിംഗ് മെഷീനുകൾ എത്തിച്ചത്. സമാനമായ രക്ഷാപ്രവർത്തനങ്ങളിൽ പരിചയമുള്ള നോർവേ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്‌ധരുമായും ഭരണകൂടം ചർച്ച നടത്തിയിട്ടുണ്ട്.