എഐ ഉച്ചകോടിക്കിടെയുള്ള പ്രതിഷേധം: യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ് ഭാനു ചിബ് അറസ്റ്റിൽ

ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്ത് ക്യുആര്‍ കോഡ് കരസ്ഥമാക്കിയാണ് ഇവര്‍ ഉച്ചകോടി നടക്കുന്ന ഹാളില്‍ പ്രവേശിച്ചതെന്ന് പോലീസ് കണ്ടെത്തി.

New Update
Untitled

ഡല്‍ഹി: ഡല്‍ഹിയില്‍ നടന്ന ആഗോള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉച്ചകോടിക്കിടെ ഷര്‍ട്ട് ഊരി പ്രതിഷേധിച്ച സംഭവത്തില്‍ ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഉദയ് ഭാനു ചിബിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.

Advertisment

കഴിഞ്ഞ വെള്ളിയാഴ്ച ഭാരത് മണ്ഡപത്തില്‍ നടന്ന ഉച്ചകോടിക്കിടെയാണ് ഒരു വിഭാഗം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഷര്‍ട്ട് ഊരിമാറ്റി കേന്ദ്ര സര്‍ക്കാരിനും ഇന്ത്യ-അമേരിക്ക വ്യാപാര കരാറിനുമെതിരെ മുദ്രാവാക്യം എഴുതിയ ടീഷര്‍ട്ടുകള്‍ പ്രദര്‍ശിപ്പിച്ചത്.

ഉദയ് ഭാനു ചിബിനെ കൂടാതെ മധ്യപ്രദേശില്‍ നിന്നുള്ള മൂന്ന് പേര്‍ ഉള്‍പ്പെടെ ഏഴ് പ്രവര്‍ത്തകരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉത്തര്‍പ്രദേശിലെ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി റിതിക് എന്ന മോണ്ടി ശുക്ലയെ പോലീസ് കസ്റ്റഡിയിലെടുത്തു.


വര്‍ഗീയ വിദ്വേഷം വളര്‍ത്തല്‍, ദേശീയോദ്ഗ്രഥനത്തിന് വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍, ക്രിമിനല്‍ ഗൂഢാലോചന, ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാല്‍ മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാം.


ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്ത് ക്യുആര്‍ കോഡ് കരസ്ഥമാക്കിയാണ് ഇവര്‍ ഉച്ചകോടി നടക്കുന്ന ഹാളില്‍ പ്രവേശിച്ചതെന്ന് പോലീസ് കണ്ടെത്തി.

ഈ സംഭവത്തിന് പിന്നിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ഗൂഢാലോചനയെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വേദിയില്‍ ഇന്ത്യയുടെ പ്രതിച്ഛായ തകര്‍ക്കാനുള്ള 'നാണംകെട്ട പ്രവൃത്തി' എന്നാണ് ബിജെപി ഇതിനെ വിശേഷിപ്പിച്ചത്. എന്നാല്‍ രാജ്യതാല്‍പ്പര്യം സംരക്ഷിക്കുന്നതിനായി നടത്തിയ 'സമാധാനപരമായ പ്രതിഷേധം' എന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ വാദം.

ഭാരത് മണ്ഡപത്തിലെ ഹാള്‍ നമ്പര്‍ 5-ലായിരുന്നു പ്രതിഷേധം നടന്നത്. സുരക്ഷാ ജീവനക്കാര്‍ ഉടന്‍ തന്നെ ഇവരെ നീക്കം ചെയ്യുകയായിരുന്നു.

Advertisment