മുംബൈ; മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തെത്തുടര്‍ന്ന് പ്രതിപക്ഷമായ മഹാ വികാസ് അഘാഡിയില്‍ (എംവിഎ) വിള്ളലുകള്‍ ഉയരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് അമിത ആത്മവിശ്വാസത്തിലാണെന്ന് ശിവസേന (യുബിടി) നേതാവ് അംബാദാസ് ദന്‍വെ കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ് തന്റെ സഖ്യകക്ഷികളായ ശിവസേന(യുബിടി)യെയും ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപിയെയും വിലമതിക്കുന്നില്ലെന്ന് ദന്‍വെ അവകാശപ്പെട്ടു.
നവംബര്‍ 20ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ശിവസേന (യുബിടി) 20, കോണ്‍ഗ്രസ് 16, ശരദ് പവാറിന്റെ എന്‍സിപി 10 എന്നിങ്ങനെ മഹാരാഷ്ട്രയിലെ 288 സീറ്റുകളില്‍ 46 സീറ്റുകള്‍ മാത്രമാണ് എംവിഎ നേടിയത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 48ല്‍ 30 സീറ്റുകള്‍ നേടി സഖ്യം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് അമിത ആത്മവിശ്വാസത്തിലാണ്. ജമ്മു-കശ്മീര്‍, ഹരിയാന, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ കോണ്‍ഗ്രസിന് അനുകൂലമായ സാഹചര്യമായിരുന്നു. ജാര്‍ഖണ്ഡില്‍ ജെഎംഎം അവരുടെ ശക്തിയില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്തു, ദന്‍വെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഹരിയാനയിലെ ആദ്യകാല ലീഡ് കോണ്‍ഗ്രസ് നഷ്ടപ്പെടുത്തി. പാര്‍ട്ടി ഭരണവിരുദ്ധ പോരാട്ടം നടത്തിയിട്ടും ബിജെപിക്ക് തുടര്‍ച്ചയായ മൂന്നാം വിജയം സമ്മാനിച്ചു.
ജമ്മു കാശ്മീരില്‍, ബി.ജെ.പി തൂത്തുവാരിയ ജമ്മു മേഖലയില്‍ മുന്നേറ്റമുണ്ടാക്കുന്നതിലും കോണ്‍ഗ്രസ് പരാജയപ്പെട്ടു. ഝാര്‍ഖണ്ഡില്‍ ജെഎംഎം നേതൃത്വത്തിലുള്ള സഖ്യം സര്‍ക്കാര്‍ രൂപീകരിച്ചു, ജെഎംഎം 81ല്‍ 34 സീറ്റും കോണ്‍ഗ്രസിന് 16 സീറ്റും ലഭിച്ചു.
മഹാരാഷ്ട്ര നിയമസഭാ കൗണ്‍സിലിലെ പ്രതിപക്ഷ നേതാവായ ദന്‍വെ ശിവസേനയെയും (യുബിടി) എന്‍സിപിയെയും കോണ്‍ഗ്രസ് വിലമതിക്കുന്നില്ലെന്നും കുറ്റപ്പെടുത്തി.