മുംബൈ: ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന മേധാവി ഉദ്ധവ് താക്കറെ. ബിജെപി സമൂഹത്തില്‍ വിഷം വിതറിയിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
ആരെങ്കിലും 'ജയ് ശ്രീറാം' എന്ന് മുദ്രാവാക്യം വിളിക്കുമ്പോഴെല്ലാം 'ജയ് ശിവാജി' 'ജയ് ഭവാനി' എന്നു വിളിച്ചുകൊണ്ട് പ്രതികരിക്കണമെന്ന് അദ്ദേഹം തന്റെ അനുയായികളോട് അഭ്യര്‍ത്ഥിച്ചു. ഞായറാഴ്ച നടന്ന ഒരു പരിപാടിയിലാണ് അദ്ദേഹം ബിജെപിയുടെ നയങ്ങള്‍ക്കും പ്രവര്‍ത്തന ശൈലിക്കും എതിരെ നിരവധി ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചത്.
ബിജെപി സമൂഹത്തെ ഭിന്നിപ്പിക്കുകയാണെന്ന് ആരോപിച്ച ഉദ്ധവ് താക്കറെ താന്‍ ഒരിക്കലും അത് പൊറുക്കില്ലെന്നും പറഞ്ഞു. ആരെങ്കിലും 'ജയ് ശ്രീറാം' എന്ന് വിളിച്ചാല്‍ 'ജയ് ശിവാജി' എന്നും 'ജയ് ഭവാനി' എന്നും തിരിച്ച് പറയാതെ അവരെ പോകാന്‍ അനുവദിക്കരുതെന്ന് അദ്ദേഹം തന്റെ അനുയായികളോട് നിര്‍ദ്ദേശിച്ചു.
രാഷ്ട്രീയ നേട്ടത്തിനായി ബിജെപി സമൂഹത്തില്‍ മതഭ്രാന്ത് പടര്‍ത്തുകയാണെന്നും ഇത് അവസാനിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കായിക മത്സരങ്ങളില്‍ ബിജെപിയുടെ ഇരട്ടത്താപ്പിനെയും ശിവസേന മേധാവി വിമര്‍ശിച്ചു. മുമ്പ് ബിജെപി നേതാക്കള്‍ പാകിസ്ഥാനുമായി ഏതെങ്കിലും തരത്തിലുള്ള കായിക മത്സരങ്ങള്‍ക്ക് എതിരായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു,.
എന്നാല്‍ ഇപ്പോള്‍ ഇന്ത്യ പാകിസ്ഥാനുമായും ബംഗ്ലാദേശുമായും ക്രിക്കറ്റ് മത്സരങ്ങള്‍ കളിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയുടെ ഈ നയം രാജ്യത്തോടുള്ള അവരുടെ പ്രതിബദ്ധതയെ സംശയത്തിലാക്കുന്നുണ്ടോ എന്നും താക്കറെ ചോദിച്ചു.
'നടന്നു കൊണ്ടിരിക്കുന്ന പദ്ധതികള്‍ നിര്‍ത്തലാക്കുന്ന ഉദ്ധവ് താക്കറെയല്ല ഞാന്‍' എന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അടുത്തിടെ നിയമസഭയില്‍ പറഞ്ഞിരുന്നു.
ഫഡ്നാവിസിന് തന്നെ പിന്തുടരാന്‍ ശരിക്കും താല്‍പ്പര്യമുണ്ടെങ്കില്‍ മാര്‍ച്ച് 10 ന് അവതരിപ്പിക്കുന്ന ബജറ്റില്‍ കര്‍ഷകരുടെ വായ്പ എഴുതിത്തള്ളല്‍ പ്രഖ്യാപിക്കുകയും 'ശിവ് ഭോജന്‍', 'ലഡ്കി ബെഹെന്‍' പോലുള്ള പദ്ധതികള്‍ക്ക് മതിയായ ഫണ്ട് അനുവദിക്കുകയും ചെയ്യണമെന്ന് താക്കറെ തിരിച്ചടിച്ചു.
ഉദ്ധവ് താക്കറെയുടെ ഈ പ്രസ്താവനയ്ക്ക് ശേഷം മഹാരാഷ്ട്ര രാഷ്ട്രീയം ചൂടുപിടിച്ചിരിക്കുകയാണ്. ബിജെപിയുടെ 'ജയ് ശ്രീറാം' മുദ്രാവാക്യത്തിനുള്ള മറുപടിയായി അദ്ദേഹം വിളിച്ച 'ജയ് ശിവാജി, ജയ് ഭവാനി' എന്ന മുദ്രാവാക്യം രൂക്ഷമായ പ്രതികരണങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.