മുംബൈ: മറാത്തി ഭാഷയ്ക്ക് വേണ്ടി കൈകോര്‍ക്കാന്‍ ശിവസേന (യുബിടി)യും മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എംഎന്‍എസ്)യും.
മറാത്തി ഭാഷയെയും മറാത്തി ജനതയെയും മഹാരാഷ്ട്രയെയും സംരക്ഷിക്കാനും എംഎന്‍എസ് അധ്യക്ഷനും പിതൃ സഹോദര പുത്രനുമായ രാജ് താക്കറെയുമായി കൈകോര്‍ക്കുന്നുവെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ വ്യക്തമാക്കി.
ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ ആഞ്ഞടിച്ച അദ്ദേഹം ഇതൊരു തുടക്കമാണെന്നും ബാലാസാഹേബ് താക്കറെയുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ ഭാവിയിലും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രൈമറി സ്കൂളുകളില്‍ നിന്ന് ഹിന്ദി ഭാഷാ നയം പിന്‍വലിച്ചതിനെ തുടര്‍ന്ന് നടത്തുന്ന മെഗാ വിജയ സമ്മേളനത്തിലാണ് 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒരുമിച്ചൊരു വേദി പങ്കിടുന്നത്.
തങ്ങള്‍ക്കിടയിലെ വിടവ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഇല്ലാതാക്കിയെന്ന് പരിഹസിച്ച ഉദ്ധവ് താക്കറെ ഇനി ഭിന്നിപ്പുണ്ടാക്കില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നും പറഞ്ഞു. തങ്ങള്‍ ഒരുമിച്ച് ജീവിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് ഹിന്ദി അടിച്ചേല്‍പ്പിക്കുന്നത് അനുവദിക്കില്ലെന്നും ഉദ്ധവ് ആവര്‍ത്തിച്ചു. ബിജെപിയുടെ സൗകര്യാർഥം സഖ്യകക്ഷികളെ ഉപയോഗിക്കുന്നുവെന്ന് വിമര്‍ശിച്ച ഉദ്ധവ് താക്കറെ താനും രാജും ചേര്‍ന്ന് മഹാരാഷ്ട്രയുടെ അധികാരത്തില്‍ നിന്നും ബിജെപിയെ പുറത്താക്കുമെന്ന് കൂട്ടിച്ചേര്‍ത്തു.