ഉദയനിധി സ്റ്റാലിന്റെ പ്രസംഗം വിദ്വേഷ പ്രസംഗമെന്ന് മദ്രാസ് ഹൈക്കോടതി; അമിത് മാളവ്യക്കെതിരായ കേസ് റദ്ദാക്കി

വിദ്വേഷ പ്രസംഗം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാതെ, അതിനോട് പ്രതികരിച്ചവര്‍ക്കെതിരെ മാത്രം കേസ് എടുക്കുന്ന പ്രവണതയെ കോടതി വിമര്‍ശിച്ചു.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Untitled

ചെന്നൈ: സനാതന ധര്‍മ്മത്തെക്കുറിച്ചുള്ള തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമര്‍ശങ്ങളെ വിമര്‍ശിച്ചതിന് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യക്കെതിരെ എടുത്ത ക്രിമിനല്‍ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി.

Advertisment

ഉദയനിധിയുടെ പ്രസംഗം വിദ്വേഷ പ്രസംഗമാണെന്ന് നിരീക്ഷിച്ച കോടതി, അതിനോട് പ്രതികരിക്കുന്നത് ക്രിമിനല്‍ കുറ്റമല്ലെന്നും വ്യക്തമാക്കി.


ജസ്റ്റിസ് എസ്. ശ്രീമതിയാണ് കേസില്‍ സുപ്രധാന വിധി പുറപ്പെടുവിച്ചത്. ഉദയനിധി സ്റ്റാലിന്റെ പ്രസംഗം സനാതന ധര്‍മ്മം പിന്തുടരുന്ന ഹിന്ദുക്കളെ ലക്ഷ്യം വെച്ചുള്ളതാണെന്ന് കോടതി പറഞ്ഞു. സനാതന ധര്‍മ്മം പിന്തുടരുന്ന വ്യക്തി എന്ന നിലയില്‍ അമിത് മാളവ്യ ഇത്തരം പരാമര്‍ശങ്ങളുടെ ഇരയാണെന്നും അദ്ദേഹത്തിന് അതിനെതിരെ പ്രതികരിക്കാന്‍ അവകാശമുണ്ടെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.


ഉദയനിധി തന്റെ പ്രസംഗത്തില്‍ ആവര്‍ത്തിച്ച് ഉപയോഗിച്ച 'ഒഴിപ്പ്' (ഒഴിവാക്കുക/ഇല്ലാതാക്കുക) എന്ന തമിഴ് വാക്കിനെ കോടതി ഗൗരവമായി കണ്ടു. ഒരു ധര്‍മ്മത്തെ ഇല്ലാതാക്കുക എന്നുപറഞ്ഞാല്‍ അത് പിന്തുടരുന്ന മനുഷ്യരെയും ഇല്ലാതാക്കുക എന്നാണോ അര്‍ത്ഥമാക്കുന്നതെന്ന് കോടതി ചോദിച്ചു. ഇത് വംശഹത്യക്കുള്ള ആഹ്വാനമായി വ്യാഖ്യാനിക്കാമെന്നും കോടതി നിരീക്ഷിച്ചു.

വിദ്വേഷ പ്രസംഗം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാതെ, അതിനോട് പ്രതികരിച്ചവര്‍ക്കെതിരെ മാത്രം കേസ് എടുക്കുന്ന പ്രവണതയെ കോടതി വിമര്‍ശിച്ചു.


2023 സെപ്റ്റംബറില്‍ ചെന്നൈയില്‍ നടന്ന ഒരു ചടങ്ങിലാണ് സനാതന ധര്‍മ്മത്തെ ഡെങ്കിപ്പനിയോടും കൊറോണയോടും ഉദയനിധി ഉപമിച്ചത്. സനാതന ധര്‍മ്മം വെറും എതിര്‍ക്കപ്പെടേണ്ട ഒന്നല്ല, മറിച്ച് തുടച്ചുനീക്കപ്പെടേണ്ടതാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.


ഇതിനെതിരെ അമിത് മാളവ്യ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടിരുന്നു. തുടര്‍ന്ന് ഡിഎംകെ അനുകൂല അഭിഭാഷകന്‍ നല്‍കിയ പരാതിയില്‍ തൃശ്ശിനാപ്പള്ളി പോലീസാണ് മാളവ്യക്കെതിരെ കേസെടുത്തത്.

മന്ത്രിസ്ഥാനത്തിരിക്കുന്ന ഒരാള്‍ വിദ്വേഷ പ്രസംഗം നടത്തുമ്പോള്‍ അതിനെ എതിര്‍ക്കുന്നത് ജനങ്ങള്‍ തമ്മില്‍ ശത്രുതയുണ്ടാക്കാനുള്ള ശ്രമമായി കാണാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഉദയനിധിയുടെ പ്രസംഗം സാംസ്‌കാരികമായ ഉന്മൂലനത്തിന് ആഹ്വാനം ചെയ്യുന്നതാണെന്ന മാളവ്യയുടെ വാദത്തില്‍ ക്രിമിനല്‍ കുറ്റമില്ലെന്നും കോടതി വിധിയില്‍ പറഞ്ഞു.

Advertisment