ബ്രിട്ടന് ആദ്യ മുസ്ലിം പ്രധാനമന്ത്രി? സ്റ്റാർമർ പ്രതിസന്ധിയിൽ; ശ്രദ്ധാകേന്ദ്രമായി ഷബാന മഹ്മൂദ്

ബര്‍മിംഗ്ഹാമിലെ ലേഡി വുഡില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായ ഷബാന മഹ്‌മൂദ് ലേബര്‍ പാര്‍ട്ടിയിലെ ഏറ്റവും സ്വാധീനമുള്ള നേതാക്കളില്‍ ഒരാളാണ്.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Untitled

ലണ്ടന്‍: വിവാദമായ 'എപ്സ്റ്റീന്‍ ഫയലുകളുമായുള്ള' ബന്ധത്തെത്തുടര്‍ന്ന് ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ വന്‍ ഭൂകമ്പം.

Advertisment

ലൈംഗിക കുറ്റവാളിയായിരുന്ന ജെഫ്രി എപ്സ്റ്റീന്റെ അടുത്ത അനുയായി പീറ്റര്‍ മണ്ടല്‍സണെ ഉന്നത പദവിയില്‍ നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ രാജിവെക്കണമെന്ന സമ്മര്‍ദ്ദം ശക്തമാവുകയാണ്. സ്റ്റാര്‍മറുടെ ചീഫ് ഓഫ് സ്റ്റാഫ് മോര്‍ഗന്‍ മക്‌സ്വീനിയും കമ്മ്യൂണിക്കേഷന്‍സ് ചീഫ് ടിം അല്ലനും രാജിവെച്ചതോടെ ഭരണകൂടം കടുത്ത പ്രതിസന്ധിയിലായി.


സ്റ്റാര്‍മര്‍ പടിയിറങ്ങേണ്ടി വന്നാല്‍ പകരക്കാരിയായി ആര് വരുമെന്ന ചര്‍ച്ചകളില്‍ മുന്‍പന്തിയിലുള്ള പേര് ആഭ്യന്തര സെക്രട്ടറി ഷബാന മഹ്‌മൂദിന്റേതാണ്. ഈ പദവിയിലെത്തിയാല്‍ ബ്രിട്ടന്റെ ചരിത്രത്തിലെ ആദ്യ മുസ്ലിം പ്രധാനമന്ത്രിയായും പാകിസ്ഥാന്‍ വംശജയായ ആദ്യ വനിതാ പ്രധാനമന്ത്രിയായും ഷബാന ചരിത്രം കുറിക്കും.

ബര്‍മിംഗ്ഹാമിലെ ലേഡി വുഡില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായ ഷബാന മഹ്‌മൂദ് ലേബര്‍ പാര്‍ട്ടിയിലെ ഏറ്റവും സ്വാധീനമുള്ള നേതാക്കളില്‍ ഒരാളാണ്.

പാകിസ്ഥാന്‍ കുടിയേറ്റക്കാരായ മാതാപിതാക്കളുടെ മകളായി ബര്‍മിംഗ്ഹാമില്‍ ജനനം. ലണ്ടനില്‍ ബാരിസ്റ്ററായി ജോലി ചെയ്തിരുന്ന അവര്‍ 2010-ലാണ് ആദ്യമായി പാര്‍ലമെന്റിലെത്തുന്നത്.

നിഴല്‍ മന്ത്രിസഭയില്‍ വിദ്യാഭ്യാസ, നിയമ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുള്ള ഷബാന, 2024-ല്‍ ലേബര്‍ പാര്‍ട്ടി അധികാരത്തില്‍ വന്നതിനെത്തുടര്‍ന്ന് നിര്‍ണ്ണായകമായ ആഭ്യന്തര വകുപ്പിന്റെ ചുമതലയേറ്റു.


ബ്രിട്ടീഷ് മുസ്ലിം സ്വത്വത്തെക്കുറിച്ച് അഭിമാനത്തോടെ സംസാരിക്കാറുള്ള ഷബാന, കുടിയേറ്റ വിഷയങ്ങളില്‍ അടുത്തിടെ സ്വീകരിച്ച കര്‍ശന നിലപാടുകള്‍ വലിയ ശ്രദ്ധ നേടിയിരുന്നു. ബ്രിട്ടനിലെ സ്ഥിരതാമസം ഒരു 'അവകാശമല്ല, മറിച്ച് പ്രിവിലേജ് ആണെന്നാണ്' അവരുടെ നിലപാട്.


ജെഫ്രി എപ്സ്റ്റീനുമായി ബന്ധമുള്ള പീറ്റര്‍ മണ്ടല്‍സണെ അമേരിക്കയിലെ ബ്രിട്ടീഷ് നയതന്ത്രജ്ഞനായി നിയമിക്കാന്‍ സ്റ്റാര്‍മര്‍ ശ്രമിച്ചതാണ് വിവാദങ്ങള്‍ക്ക് ആധാരം.

പാര്‍ട്ടിക്കുള്ളില്‍ നിന്നും പ്രതിപക്ഷത്തു നിന്നും സ്റ്റാര്‍മര്‍ക്കെതിരെ പടയൊരുക്കം നടക്കുകയാണ്. ഈ സാഹചര്യത്തില്‍, എല്ലാവരെയും ഒന്നിപ്പിച്ചു കൊണ്ടുപോകാന്‍ കഴിയുന്ന വിശ്വസ്തയായ നേതാവെന്ന നിലയിലാണ് ഷബാന മഹ്‌മൂദിന്റെ പേര് ഉയര്‍ന്നു കേള്‍ക്കുന്നത്.

Advertisment