ചണ്ഡീഗഢ്: മുംബൈലെയും ഡൽഹിയിലെയും അധോലോക സംഘങ്ങൾ വളരുന്നത് പോലീസിന്റെ പിൻബലത്തോടെയെന്ന കണ്ടെത്തലിൽ ശക്തമായ ഇടപെടൽ നടത്തുകയാണ് കോടതി.
ഗുണ്ടാസംഘത്തലവൻ ലോറൻസ് ബിഷ്‍ണോയിക്ക് പൊലീസ് സ്റ്റേഷനിൽ അഭിമുഖം നടത്താൻ സൗകര്യം ഒരുക്കിയതിൽ പഞ്ചാബ് പൊലീസിനെതിരെ രൂക്ഷ വിമർശനമാണ് പഞ്ചാബ്-ഹരിയാന കോടതി നടത്തിയത്.
ടെലിവിഷൻ അഭിമുഖത്തിനായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ഓഫിസ് ആണ് സ്റ്റുഡിയോ ആക്കി മാറ്റിയതെന്നും കോടതി നിരീക്ഷിച്ചു. ലോറൻസ് ബിഷ്‍ണോയിയും പൊലീസുകാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടും ഗൂഢാലോചനയും പുറത്തുകൊണ്ടുവരാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും കോടതി നിർദേശിച്ചു.
മറ്റ് കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ താൻ നേതൃത്വം നൽകുന്ന എസ്.ഐ.ടിക്ക് അധികാരമില്ലെന്ന് പ്രത്യേക ഡി.ജി.പി പ്രബോധ് കുമാർ സമർപ്പിച്ചതിന് പിന്നാലെയാണ് ജസ്റ്റിസുമാരായ അനുപീന്ദർ സിങ് ഗ്രെവാൾ, ലപിത ബാനർജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്.
ജയിൽ പരിസരത്ത് തടവുകാർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ സ്വമേധയാ വാദം കേൾക്കുന്നതിനിടെയാണ് ജഡ്ജിമാരുടെ പരാമർശം.