/sathyam/media/media_files/2026/02/15/untitled-2026-02-15-12-45-13.jpg)
ഡല്‍ഹി: ബോര്‍ഡ് പരീക്ഷാക്കാലം അടുത്തെത്തിയതോടെ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഉപദേശവും ആശ്വാസവുമായി മുന്‍ എച്ച്സിഎല്‍ സിഇഒയും സമ്പര്‍ക്ക് ഫൗണ്ടേഷന്‍ സ്ഥാപകനുമായ വിനീത് നയ്യാര്‍. പരീക്ഷയിലെ മാര്‍ക്ക് ഒരാളുടെ ഭാവി നിശ്ചയിക്കുന്നില്ലെന്ന് വ്യക്തമാക്കുന്ന അദ്ദേഹത്തിന്റെ കുറിപ്പ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാണ്.
'ബോര്‍ഡ് പരീക്ഷകളാണ് ജീവിതം തീരുമാനിച്ചിരുന്നതെങ്കില്‍ ലോകത്തെ പകുതി സിഇഒമാരും ഇന്ന് തൊഴിലില്ലാത്തവരായി മാറുമായിരുന്നു. ഈ സത്യം നിങ്ങള്‍ ആദ്യം ഉള്‍ക്കൊള്ളുക,' എന്ന ശക്തമായ വരികളോടെയാണ് അദ്ദേഹം തന്റെ കുറിപ്പ് ആരംഭിക്കുന്നത്.
തന്റെ 17-ാം വയസ്സിലെ ഒരു അനുഭവം അദ്ദേഹം പങ്കുവെച്ചു. കെമിസ്ട്രി പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ പരീക്ഷ മോശമായതിന്റെ വലിയ ഭയത്തിലായിരുന്നു അദ്ദേഹം. അന്ന് തന്റെ ബന്ധു ചോദിച്ച ഒരു ചോദ്യം തന്റെ കാഴ്ചപ്പാട് മാറ്റിയെന്ന് വിനീത് പറയുന്നു.
'നീ തോറ്റാല്‍ മരിക്കുമോ?' എന്നായിരുന്നു ആ ചോദ്യം. ഇല്ലെന്ന് മറുപടി നല്‍കിയപ്പോള്‍, 'പിന്നെ എന്തിനാണ് ഇതിനെ ഒരു ജീവിതമരണ പോരാട്ടമായി കാണുന്നത്?' എന്ന ബന്ധുവിന്റെ ചോദ്യം തന്നെ ശാന്തനാക്കിയെന്ന് വിനീത് ഓര്‍ക്കുന്നു. ഈ മനക്കരുത്താണ് തൊട്ടടുത്ത മാത്സ് പരീക്ഷ ആത്മവിശ്വാസത്തോടെ എഴുതാന്‍ സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പരീക്ഷകള്‍ ഓര്‍മ്മശക്തിയെ പരീക്ഷിക്കുമ്പോള്‍ ജീവിതം പരീക്ഷിക്കുന്നത് നിങ്ങളുടെ ധൈര്യത്തെയാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ബോര്‍ഡ് പരീക്ഷ എന്നത് ജീവിതമാകുന്ന വലിയ കളിയുടെ ഒരു ഘട്ടം മാത്രമാണ്. അത് മുഴുവന്‍ കളിയുമല്ല.
പരീക്ഷാക്കാലത്തെ ടെന്‍ഷന്‍ രക്ഷിതാക്കള്‍ക്ക് വിട്ടുനല്‍കുക. കുട്ടികള്‍ സമാധാനമായി ഉറങ്ങുകയും പഠിക്കുകയും തങ്ങളുടെ മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്യുക.
പരീക്ഷാക്കാലത്തെ വീട്ടിലെ ഗൗരവകരമായ അന്തരീക്ഷം മാറ്റാന്‍ കുട്ടികള്‍ ഇടയ്ക്ക് തമാശയായി ഭക്ഷണം ചോദിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. 'അച്ഛാ, എനിക്കൊരു ഓംലെറ്റും മാംഗോ ഷെയ്ക്കും വേണം!' എന്ന് ഇടയ്ക്ക് വിളിച്ചു ചോദിക്കാനും രക്ഷിതാക്കള്‍ അവരുടെ ടെന്‍ഷന്‍ മാറ്റാന്‍ പാചകം ചെയ്യട്ടെ എന്നും അദ്ദേഹം തമാശയായി പറഞ്ഞു.
'പരീക്ഷ എന്ന പേടിയെ നിങ്ങള്‍ പട്ടിണിക്കിടുക. നിങ്ങള്‍ക്കിത് സാധിക്കും സുഹൃത്തേ!' എന്ന് ആശംസിച്ചുകൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us