ലഖ്‌നൗ: ഉത്തർപ്രദേശിലെ പ്രമുഖ 10 ഹോട്ടലുകൾക്ക് നേരെ ബോംബ് ഭീഷണി സന്ദേശം . മോചനദ്രവ്യമായി 55,000 ഡോളർ (4,624,288 രൂപ) നൽകിയില്ലെങ്കിൽ സ്ഫോടനം ഉണ്ടാകുമെന്നാണ് ഇ-മെയിൽ സന്ദേശം.
ഹോട്ടലിന്റെ താഴത്തെ നിലയിൽ കറത്ത ബാഗിൽ ബോംബ് ഒളിപ്പിച്ചിരിക്കുന്നുവെന്നും, 55,000 ഡോളർ മോചനദ്രവ്യമായി നൽകിയില്ലെങ്കിൽ സ്ഫോടകവസ്തുക്കൾ പൊട്ടിക്കുമെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു.
ബോംബുകൾ നിർവീര്യമാക്കാനുള്ള ഏതു ശ്രമവും വലിയ പൊട്ടിത്തെറി ഉണ്ടാക്കുമെന്നും ഭീഷണയുണ്ട്.
ലഖ്‌നൗവിലെ മുൻനിര ഹോട്ടലുകളായ മാരിയറ്റ്, സരാക്ക, പിക്കാഡിലി, കംഫർട്ട് വിസ്ത, ഫോർച്യൂൺ, ലെമൺ ട്രീ, ക്ലാർക്ക് അവാദ്, കാസ, ദയാൽ ഗേറ്റ്‌വേ, സിൽവെറ്റ് എന്നീ ഹോട്ടലുകൾക്കുനേരെയാണ് ബോംബ് ഭീഷണിയുണ്ടായത്.
ഭീഷണിയെ തുടർന്ന് ഹോട്ടൽ മാനേജ്‌മെൻ്റ് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസും ബോംബ് സ്ക്വാഡും ഉൾപ്പെടെയുള്ള സംഘം അന്വേഷണം നടത്തി.
ആന്ധ്രാപ്രദേശിൽ, മൂന്നു ഹോട്ടലുകൾക്ക് ബോംബ് ഭീഷണി ലഭിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് വീണ്ടും ഭീഷണി ഉണ്ടായിരിക്കുന്നത്. കൊല്‍ക്കത്ത നഗരത്തിലെ പത്തു ഹോട്ടലുകള്‍ക്കും ബോംബ് ഭീഷണി ലഭിച്ചിരുന്നു.