/sathyam/media/media_files/2026/01/14/1000429756-2026-01-14-19-46-29.jpg)
ഡൽഹി: ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള ദസ്‌നയിൽ വസ്ത്രങ്ങൾ അഴുക്കായതിന്റെ പേരിൽ ആറ് വയസ്സുകാരിയെ അച്ഛനും രണ്ടാനമ്മയും ചേർന്ന് മർദ്ദിച്ചു കൊന്നു. അക്രം, രണ്ടാനമ്മ നിഷ എന്നിവരാണ് മകൾ ഷിഫയെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത്.
കഴിഞ്ഞ ഞായറാഴ്ച റോഡിൽ കളിച്ചുകൊണ്ടിരുന്ന ഷിഫ അബദ്ധത്തിൽ അഴുക്കുചാലിലേക്ക് വഴുതി വീഴുകയായിരുന്നു. വസ്ത്രങ്ങളിൽ അഴുക്ക് പറ്റിയത് കണ്ടപ്പോൾ അക്രവും നിഷയും ചേർന്ന് കുട്ടിയെ ക്രൂരമായി മർദ്ദിക്കുകയും തുടർന്ന് കഠിനമായ തണുപ്പിൽ വീടിന്റെ പുറത്ത് ഉപേക്ഷിക്കുകയും ചെയ്തു. തിങ്കളാഴ്ച രാവിലെയാണ് ഷിഫ മരിച്ചത്. അയൽക്കാരുടെ പരാതിയെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി മൃതദേഹം കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കുട്ടിയുടെ ശരീരത്തിൽ വാരിയെല്ല് ഒടിവുകൾ, രക്തച്ചൊരിച്ചിൽ എന്നിവയുൾപ്പെടെ 13 മുറിവുകൾ കണ്ടെത്തിയതായി അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ (എസിപി) പ്രിയ ശ്രീ പാൽ അറിയിച്ചു. സംഭവത്തിൽ അക്രമിനെയും നിഷയെയും പോലീസ് ഇന്ന് അറസ്റ്റ് ചെയ്തു.
മൂന്ന് വർഷം മുമ്പ് മരിച്ചുപോയ തരാന എന്ന സ്ത്രീയുടെയും അക്രത്തിന്റെയും മൂന്ന് മക്കളിൽ ഒരാളായിരുന്നു ഷിഫ. തരാനയുടെ മരണത്തിന് ഒരു വർഷത്തിന് ശേഷമാണ് അക്രം നിഷയെ വിവാഹം കഴിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us