ലക്നോ: ഉത്തർപ്രദേശിൽ ക്ഷേത്രത്തിൽ വച്ച് വനിതാ ജഡ്ജിയുടെ താലി മാല മോഷണം പോയി. പോലീസ് നടത്തിയ അന്വേഷണത്തിൽ 10 സ്ത്രീ മോഷ്ടാക്കൾ അറസ്റ്റിലായി.
മധ്യപ്രദേശിലെ ഉജ്ജയിനിലെ അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജിയായ പ്രേമ സാഹുവിന്റെ മാലയാണ് നഷ്ടപ്പെട്ടത്.
ജൂൺ ഒന്നിന് കുടുംബാംഗങ്ങളോടൊപ്പം വൃന്ദാവനത്തിലെ താക്കൂർ ശ്രീ രാധാമൻ ക്ഷേത്രം സന്ദർശിക്കുന്നതിനിടെയാണ് ഇവരുടെ താലിമാല മോഷണം പോയതെന്ന് സീനിയർ പോലീസ് സൂപ്രണ്ട് (എസ്എസ്പി) ശ്ലോക് കുമാർ പറഞ്ഞു.
ക്ഷേത്രങ്ങൾ ലക്ഷ്യമിട്ട് കവർച്ച നടത്തുന്ന മോഷ്ടാക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ 10 സ്ത്രീകളെ പിടികൂടിയെന്ന് അദ്ദേഹം വ്യക്തമാക്കി. ഇവരിൽ നിന്നും പല മോഷണ മുതലുകൾ കണ്ടെടുത്തു.
ഇവയിൽ പണം, ആധാർ കാർഡുകൾ, പാൻ കാർഡുകൾ, ഡെബിറ്റ് കാർഡുകൾ, ഡ്രൈവിംഗ് ലൈസൻസുകൾ, മറ്റ് പ്രധാന രേഖകൾ എന്നിവ ഉണ്ടായിരുന്നു. കൂടാതെ ആകെ 18,652 രൂപയും കണ്ടെത്തി.
മോഷണസംഘത്തിൽ ചേരാൻ മധ്യപ്രദേശിൽ നിന്നും രാജസ്ഥാനിൽ നിന്നും സ്ത്രീകൾ എത്തിയതായി കണ്ടെത്തിയെന്ന് എസ്എസ്പി വെളിപ്പെടുത്തി. സംഘം വൃന്ദാവനത്തിലെയും മഥുരയിലെയും തിരക്കേറിയ ക്ഷേത്രങ്ങളാണ് ലക്ഷ്യമിട്ടിരുന്നത്.
നിയമനടപടികൾ ആരംഭിച്ചതായും അറസ്റ്റിലായ എല്ലാ സ്ത്രീകളെയും ജയിലിലേക്ക് അയച്ചതായും എസ്എസ്പി കൂട്ടിച്ചേർത്തു.