ഡൽഹി: ഉത്തർപ്രദേശിൽ ആശുപത്രിയിൽ റോഡപകടത്തിൽ പരുക്കേറ്റ് ചികിത്സയ്‌ക്കെത്തിയ ആൾ രക്തം വാർന്നു മരിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാർ പരുക്കേറ്റയാളെ ചികിത്സയ്ക്കാതെ കിടന്നുറങ്ങിയെന്നും ഇങ്ങനെ അധിക നേരം രക്തം വാർന്നാണ് മരണപ്പെട്ടതെന്നും ഇയാളുടെ കുടുംബം ആരോപിച്ചു.
തിങ്കളാഴ്ച വൈകുന്നേരമാണ് മീററ്റിലെ ലാലാ ലജ്പത് റായ് മെമ്മോറിയൽ (എൽഎൽആർഎം) മെഡിക്കൽ കോളേജിലേക്ക് റോഡപകടത്തിൽ പരുക്കേറ്റ സുനിൽ എന്നയാളെ ചികിത്സയ്ക്കായി എത്തിക്കുന്നത്. ഇയാളെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുമ്പോൾ രക്തസ്രാവമുണ്ടായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്.
സുനിൽ സ്ട്രെച്ചറിൽ കിടന്ന് വേദനയും രക്തസ്രാവവും കൊണ്ട് വളരെ നേരം കരയുകയും ചെയ്യുമ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ജൂനിയർ ഡോക്ടർമാരായ ഭൂപേഷ് കുമാർ റായ്, അനികേത് എന്നിവർ ഉറങ്ങുകയുമായിരുന്നുവെന്ന് സുനിലിന്റെ കുടുംബം ആരോപിച്ചു.
ഇത് തെളിയിക്കുന്ന ഒരു വീഡിയോ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ഈ വിഡിയോയിൽ ഡോക്ടർമാരിൽ ഒരാൾ മേശപ്പുറത്ത് കാൽ നീട്ടി എസിയുടെ മുന്നിൽ ഉറങ്ങുന്നത് കാണാം. അപകടത്തിൽ പെട്ട സുനിൽ അടുത്തുള്ള കിടക്കയിൽ കിടക്കുന്നതും ഇയാളുടെ കാലിൽ നിന്ന് രക്തം ഒഴുകുന്നതും വീഡിയോയിൽ ഉണ്ട്.
ഒരു സ്ത്രീ കുട്ടിയും ഒരു കുറിപ്പടിയും എടുത്ത് ഡോക്ടറെ ഉണർത്താൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം. ഇന്ന് രാവിലെ 7 മണിയോടെയാണ് സുനിൽ മരിച്ചത്. ചികിത്സ വൈകിയതാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചു.
സംഭവം നടക്കുമ്പോൾ ഡ്യൂട്ടി ഇൻ ചാർജ് ഡോ. ശശാങ്ക് ജിൻഡാൽ ആശുപത്രിയിൽ ഉണ്ടായിരുന്നില്ല. സംഭവത്തിൽ നിലവിൽ രണ്ട് ഡോക്ടർമാരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. കൂടാതെ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ് എന്ന് എൽഎൽആർഎം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ആർ.സി. ഗുപ്ത പറഞ്ഞു.