ഡല്‍ഹി: ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ യുവതിയുടെ ഹിജാബ് അഴിച്ചുമാറ്റിയതായി റിപ്പോര്‍ട്ട്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒരു ഹിന്ദു യുവാവിനെ സംഘം മര്‍ദ്ദിച്ചു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
വീഡിയോയില്‍, ഒരാള്‍ സ്ത്രീയുടെ ഹിജാബ് ബലമായി ഊരിമാറ്റുന്നതും മറ്റുള്ളവര്‍ അവരെയും കൂടെയുണ്ടായിരുന്ന പുരുഷനെയും അധിക്ഷേപിച്ച് സംസാരിക്കുന്നതും ശാരീരികമായി ആക്രമിക്കുന്നതും കാണാം.
ഖലാപര്‍ പ്രദേശത്തെ ഒരു ഇടുങ്ങിയ പാതയില്‍ 20 വയസ്സുകാരിയായ ഫര്‍ഹീനും സുഹൃത്ത് സച്ചിനും വായ്പാ ഗഡു വാങ്ങാന്‍ പോകുമ്പോഴാണ് വാക്കേറ്റമുണ്ടായത്.
ഖലാപര്‍ നിവാസിയും ഉത്കര്‍ഷ് സ്‌മോള്‍ ഫിനാന്‍സ് ലിമിറ്റഡിലെ ജീവനക്കാരിയുമായ ഫര്‍ഹാനയുടെ മകള്‍ ഫര്‍ഹീന്‍, അമ്മയുടെ നിര്‍ദ്ദേശപ്രകാരമാണ് സച്ചിന്റെ ഒപ്പം മോട്ടോര്‍ സൈക്കിളില്‍ പോയത്.
വഴിയില്‍ 8-10 പേരടങ്ങുന്ന ഒരു സംഘം അവരെ തടഞ്ഞ് നിര്‍ത്തി അധിക്ഷേപിക്കുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്തു.
മുഴുവന്‍ സംഭവവും ഒരു കാഴ്ചക്കാരന്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രചരിപ്പിച്ചു.
വിവരം ലഭിച്ചയുടനെ പോലീസ് സ്ഥലത്തെത്തി ജനക്കൂട്ടത്തെ പിരിച്ചുവിട്ട് ഇരുവരെയും സുരക്ഷിതമായി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഫര്‍ഹീന്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഭാരതീയ ന്യായ സംഹിതയിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.