യൂട്യൂബർ സലിം വാസ്തക്കിന് നേരെയുള്ള വധശ്രമം: രണ്ട് പ്രതികളെയും 48 മണിക്കൂറിനുള്ളിൽ വധിച്ച് യുപി പോലീസ്

സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞ പോലീസ് ഇവരുടെ തലക്ക് ഒരു ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

New Update
Untitled

ഗാസിയാബാദ്: പ്രമുഖ വ്യവസായിയും യൂട്യൂബറുമായ സലിം വാസ്തക്കിനെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഴുവന്‍ പ്രതികളെയും ഉത്തര്‍പ്രദേശ് പോലീസ് വധിച്ചു.

Advertisment

രണ്ടാം പ്രതിയായ ഗുല്‍ഫാം ചൊവ്വാഴ്ച രാത്രി നടന്ന ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്. മറ്റൊരു പ്രതിയായ സീഷാനെ തിങ്കളാഴ്ച രാത്രി പോലീസ് വധിച്ചിരുന്നു. ഇതോടെ സംഭവം നടന്ന് 48 മണിക്കൂറിനുള്ളില്‍ ഗാസിയാബാദ് പോലീസ് രണ്ട് പ്രതികളെയും വെടിവെച്ചു കൊന്നു.


അമ്രോഹ സ്വദേശിയായ ഗുല്‍ഫാം ഇന്ദിരാപുരം മേഖലയിലുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് ക്രൈംബ്രാഞ്ച് നടത്തിയ തിരച്ചിലിനിടെയാണ് വെടിവയ്പ്പുണ്ടായത്.


ഇന്ദിരാപുരത്തെ ചെക്ക്പോസ്റ്റില്‍ പോലീസ് കൈകാണിച്ചെങ്കിലും നിര്‍ത്താതെ പോയ പ്രതികള്‍ പോലീസിന് നേരെ വെടിയുതിര്‍ത്തു. ആക്രമണത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. എസിപിയുടെ ബുള്‌ലെറ്റ് പ്രൂഫ് ജാക്കറ്റിലും വെടിയുണ്ട പതിച്ചു.

പോലീസിന്റെ പ്രത്യാക്രമണത്തില്‍ ഗുല്‍ഫാമിന് മാരകമായി വെടിയേറ്റു. പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.

ഫെബ്രുവരി 27-ന് പുലര്‍ച്ചെ ഗാസിയാബാദിലെ ഇന്ദിരാപുരത്തുള്ള ഓഫീസില്‍ ഇരിക്കുമ്പോഴാണ് സലിം വാസ്തക്കിന് നേരെ ആക്രമണമുണ്ടായത്.


ബൈക്കിലെത്തിയ സീഷാനും ഗുല്‍ഫാമും ഓഫീസില്‍ അതിക്രമിച്ചു കയറി സലിമിന്റെ കഴുത്തറുക്കുകയായിരുന്നു. നിലവില്‍ ഡല്‍ഹിയിലെ ജിടിബി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമായി തുടരുന്നു.


സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞ പോലീസ് ഇവരുടെ തലക്ക് ഒരു ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

സലിമിന്റെ മകന്‍ ഉസ്മാന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എഐഎംഐഎം നേതാവ് അസ്ഗര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പോലീസ് അന്വേഷണം നടത്തിവരികയാണ്. കൊല്ലപ്പെട്ട ഗുല്‍ഫാം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് ഗാസിയാബാദ് പോലീസ് കമ്മീഷണര്‍ ജെ. രവീന്ദ്ര ഗൗര്‍ അറിയിച്ചു.

Advertisment