ഉത്തരകാശി: മരണത്തെ മുഖാമുഖം കണ്ട സിൽക്യാര തുരങ്കത്തിൽ അകപ്പെട്ട തൊഴിലാളികൾ ജീവിതത്തിലേക്ക്. 41 തൊഴിലാളികൾ പുറത്ത് എത്താൻ ഇനി അൽപ സമയം മാത്രം. പുറത്ത് എത്തുന്ന തൊഴിലാളികളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാൻ വിപുലമായ ഒരുക്കങ്ങൾ ആണ് തുരങ്ക മുഖത്ത് ഒരുക്കിയത്.
അനശ്ചിതത്വത്തിൻ്റെ ഇരുന്നൂറിലേറെ മണിക്കൂറുകൾ പിന്നിട്ടാണ് 41 തൊഴിലാളികൾ ജീവിതത്തിലേക്ക് മടങ്ങുന്നത്. 11 ദിനരാത്രങ്ങൾ തൊഴിലാളികൾ ആത്മവിശ്വാസവും ധൈര്യവും കൈവിടാതെ രക്ഷാ പ്രവർത്തനത്തിന് പിന്തുണ നൽകി. പത്തോളം വിദഗ്ധ വിഭാഗങ്ങളും അന്താരാഷ്ട്ര സംഘടനകളിലെ വിദഗ്ധരും കൈകോർത്തതോടെയാണ് നീണ്ട 275 മണിക്കൂറുകൾ കൊണ്ട് തൊഴിലാളികളെ പുറത്ത് എത്തിക്കാൻ വഴി തുറന്നത്.
രക്ഷാപ്രവർത്തനത്തിൻ്റെ പല ഘട്ടങ്ങളിലും നേരിടേണ്ടി വന്ന സമാനതകൾ ഇല്ലാത്ത പ്രതിസന്ധികളിൽ സർക്കാർ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിച്ചു. പുറത്ത് എത്തുന്ന തൊഴിലാളികളെ ആശുപത്രിയിൽ എത്തിക്കാൻ ആംബുലൻസുകൾ നേരത്തെ സജ്ജമാക്കിയിരുന്നു. ചിന്യാലിസൗർ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ ആണ് തൊഴിലാളികൾക്ക് വേണ്ടി 41 ബെഡുകൾ അധികൃതർ ഒരുക്കിയത്.