തമിഴ്താരം വിജയ് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചതിന് പിന്നാലെ വിവാദങ്ങളും ഉയര്‍ന്നുവരികയാണ്. തന്റെ പാര്‍ട്ടിയുടെ പേരും താരത്തിന്റെ പാര്‍ട്ടിയുടെ പേരും തമ്മിലുള്ള സാമ്യത ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് നല്‍കിയിരിക്കുകയാണ് തമിഴക വാഴ്വുറിമൈ കക്ഷി എന്ന പാര്‍ട്ടിയുടെ സ്ഥാപകന്‍ ടി വേല്‍മുരുഗന്‍.
വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന്റെയും തന്റെ പാര്‍ട്ടിയുടെയും ചുരുക്കപേരും ഒന്നാണ്. ഇത് ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കുമെന്നാണ് വേല്‍മുരുഗന്‍ ഉന്നയിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയുടെ ആദ്യ സമ്മേളനം നടക്കാനിരിക്കെയാണ് ഈ ആരോപണം ഉയര്‍ന്നത്.
സമ്മേളനത്തില്‍ പാര്‍ട്ടി ഭാരവാഹികളെയും തെരഞ്ഞെടുക്കുമെന്നാണ് പുറത്തു വരുന്ന വിവരം. തിരുനെല്‍വേലിയിലോ തൂത്തുകുടിയിലോ ആകും ആദ്യ സമ്മേളനം. അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ നിലപാട് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. തൂത്തുക്കുടി, നാഗപട്ടണം എന്നീ രണ്ട് മണ്ഡലങ്ങളില്‍ നിന്നാകും വിജയ് മത്സരിക്കുക എന്നും റിപ്പോര്‍ട്ടുണ്ട്.