ന്യൂഡൽഹി: തിരുപ്പതി ലഡ്ഡു വിവാദത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. വൈ.എസ്.ആർ.സി.പിയുടെ കാലത്ത് തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡു നിർമിക്കാൻ പശുവിന്റെയും പന്നിയുടെയും കൊഴുപ്പും മത്സ്യ എണ്ണയും ഉപയോഗിച്ചുവെന്നാണ് ആരോപണമുയർന്നത്.
ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് ആദ്യം ഈ ആരോപണം ഉന്നയിച്ചത്. ആരോപണം വൈ.എസ്.ആർ.സി.പി തള്ളിയതിനു പിന്നാലെ, ഗുജറാത്തിലെ ലാബിൽ നടത്തിയ സാംപിൾ പരിശോധനയിൽ ലഡ്ഡുവിൽ പശുവിന്റെയും പന്നിയുടെയും കൊഴുപ്പിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതായുള്ള റിപ്പോർട്ട് പുറത്ത്‍വന്നു.
പിന്നീട് തിരുപ്പതി ലഡ്ഡു വിവാദത്തിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി സുപ്രീം കോടതിയിൽ ഹർജി നൽകി.
ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരുടെ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. സംഭവത്തിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും സി.ബി.ഐ അന്വേഷണമോ മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ജുഡീഷ്യൽ അന്വേഷണമോ പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ സത്യം സിങും ഹർജി നൽകിയിട്ടുണ്ട്.