/sathyam/media/media_files/D5j5QpoLmPGUD3YtsCKI.jpg)
ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജുന് വേണ്ടിയുള്ള തിരച്ചിൽ നിർണായക ഘട്ടത്തിലേക്ക്. പുഴയിൽ കണ്ടെത്തിയ ട്രക്ക് കേന്ദ്രീകരിച്ചാണ് ഇന്ന് രാവിലെ പരിശോധന ആരംഭിക്കുക. ഡൈവർമാരെ ഇറക്കി ലോറിയുടെ ക്യാബിനിൽ അർജുൻ ഉണ്ടോയെന്ന് കണ്ടെത്താനാണ് ആദ്യം ശ്രമിക്കുക. അതിനുശേഷം മാത്രമേ ട്രക്ക് പുറത്തെടുക്കാൻ ശ്രമിക്കുകയുള്ളൂ.
അർജുൻ ഓടിച്ച ലോറി ഗംഗാവലി പുഴയിലെ മണ്ണിനടിയിൽ ഉണ്ടെന്ന് ഇന്നലെ വൈകീട്ടോടെ വ്യക്തമായിരുന്നു. ഇതോടെ അർജുൻ എവിടെ എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് രക്ഷാപ്രവർത്തകർ. ലോറിയുടെ ക്യാബിനിൽ തന്നെ അർജുൻ ഉണ്ടാകാനാണ് സാധ്യത. ഇത് ഉറപ്പിക്കാനാകും ഡൈവർമാർ രാവിലെ ശ്രമം ആരംഭിക്കുക.
ലോറി പുഴയിൽ നിന്ന് ഇന്നു പുറത്തെടുക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനായി സൈന്യം വിവിധ ഉപകരണങ്ങൾ രാത്രിയോടെ സ്ഥലത്തെത്തിച്ചു. കരയിൽ നിന്ന് 20 മീറ്റർ അകലെ 5 മീറ്റർ ആഴത്തിൽ ലോറി ഉണ്ടെന്നാണ് നിലവിൽ പുറത്തുവരുന്ന റിപ്പോർട്ട്.
ഗംഗാവലി നദിയിൽ ഒരു ട്രക്ക് കണ്ടെത്തിയതായി കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബൈരയാണ് ആദ്യം സ്ഥിരീകരിച്ചത്. പിന്നാലെ കണ്ടെത്തിയ ട്രക്ക് അർജുൻറേതാണെന്ന് ജില്ലാ പോലീസ് മേധാവി സ്ഥിരീകരിക്കുകയായിരുന്നു. മറ്റ് ട്രക്കുകളോ ലോറികളോ കണ്ടെത്താൻ ഇല്ലാത്ത സാഹചര്യത്തിലാണ് ഇത് അർജുൻറെ ട്രക്ക് ആണെന്ന സ്ഥിരീകരണത്തിലേക്ക് പോലീസ് എത്തിയത്.