ഡല്‍ഹി: ഗുസ്തി താരവും ഹരിയാനയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ വിനേഷ് ഫോഗട്ടിന് നോട്ടീസയച്ച് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി. ഉത്തേജക മരുന്ന് പരിശോധനക്കായി ഹാജരാകാത്തതിനെതുടർന്നാണ് നോട്ടീസ് അയച്ചത്. 14 ദിവസത്തിനകം വിശദീകരണം നൽകണം.
സെപ്തംബര്‍ 9ന് സോനിപ്പത്തിലെ വീട്ടില്‍ ഉത്തേജക മരുന്ന് പരിശോധനക്ക് തയ്യാറാണെന്ന് വിനേഷ് ഫോഗട്ട് അറിയിച്ചിരുന്നെന്നും എന്നാല്‍ ആ സമയം വീട്ടിലുണ്ടായിരുന്നില്ലെന്നുമാണ് നാഡ പറയുന്നത്. ഒരു ഡോപ് കണ്‍ട്രോള്‍ ഉദ്യോഗസ്ഥനെ ആ സമയം പരിശോധന നടത്താനായി അയച്ചിരുന്നുവെന്നും എന്നാല്‍ ഫോഗട്ടിനെ കണ്ടെത്താനായില്ലെന്നും നാഡ പ്രസ്താവനയില്‍ അറിയിച്ചു.
ഒളിമ്പിക്സില്‍ 50 കിലോ ഗുസ്തി ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ വിനേഷിനെ അയോഗ്യയാക്കിയിരുന്നു. ഫൈനലില്‍ ഇടംപിടിച്ച വിനേഷ് ഭാരപരിശോധനയിൽ പരാജയപ്പെട്ടതോടെയായിരുന്നു നടപടി. പരിശോധനയിൽ നൂറ് ഗ്രാം കൂടുതലാണ് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തിലെ ആവേശം നിറഞ്ഞ സെമിയില്‍ ക്യൂബയുടെ യുസ്നെയ്‍ലിസ് ഗുസ്മന്‍ ലോപസിനെ പരാജയപ്പെടുത്തിയായിരുന്നു വിനേഷ് ഫോഗട്ടിന്‍റെ ഫൈനല്‍ പ്രവേശം. വമ്പന്‍ താരങ്ങളെയെല്ലാം മലര്‍ത്തിയടിച്ചുകൊണ്ടാണ് താരം ഇന്ത്യയുടെ അഭിമാനമായത്. ഫൈനലില്‍ അമേരിക്കയുടെ സാറ ആന്‍ ഹില്‍ഡര്‍ബ്രാന്‍റിനെ നേരിടാനിരിക്കെയാണ് താരം പുറത്താകുന്നത്.
തുടര്‍ന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു. സ്വപ്നങ്ങൾ തകർന്നുവെന്നും ഇനി മത്സരിക്കാനുള്ള കരുത്തില്ലെന്നും എല്ലാവരും തന്നോട് ക്ഷമിക്കണമെന്നും ഫോഗട്ട് എക്സില്‍ കുറിച്ചിരുന്നു. അതേസമയം കോണ്‍ഗ്രസ് ടിക്കറ്റില്‍ ഹരിയാനയില്‍ മത്സരിക്കാനൊരുങ്ങുകയാണ് വിനേഷ് ഫോഗട്ട്.