ബലാത്സംഗ കേസിൽ നടൻ സിദ്ദീഖിന്‍റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ബേല എം. ത്രിവേദി അധ്യക്ഷയായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. മുൻകൂർ ജാമ്യം നൽകുന്നതിനെതിരെ മൂന്ന് തടസവാദ ഹർജികളാണ് സുപ്രിം കോടതിയിൽ ഫയൽ ചെയ്തിരിക്കുന്നത്.
ഹൈക്കോടതി ജാമ്യം തള്ളിയതിന് പിന്നാലെയാണ് സിദ്ദീഖ് സുപ്രിം കോടതിയെ സമീപിച്ചത്. ജാമ്യം നിഷേധിച്ച് അഞ്ചു ദിവസം പിന്നിടുമ്പോഴും പൊലീസിന് സിദ്ദീഖിനെ കണ്ടെത്താനായിട്ടില്ല. സിദ്ദീഖിനെതിരെ സുപ്രിം കോടതിയിൽ ശക്തമായ വാദത്തിന് തയ്യാറെടുക്കുകയാണ് സംസ്ഥാന സർക്കാർ. അന്വേഷണ സംഘം മേധാവി പൂങ്കഴലിക്ക് പിന്നാലെ എസ് പി മെർലിൻ ജോസഫും ഇന്നലെ ഡൽഹിയിലെത്തിയിരുന്നു.
സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരാകുന്ന അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിയുമായി മെർലിൻ ജോസഫും കൂടിക്കാഴ്ച നടത്തി. 62 മത്തെ ഹർജിയായിട്ടാണ് ജസ്റ്റിസ് ബേല എം ത്രിവേദിയുടെ ബെഞ്ച് കേസ് പരിഗണിക്കുന്നത്. സംസ്ഥാന സർക്കാരും അതിജീവിതയും നേരത്തെ തടസവാദ ഹർജി സമർപ്പിച്ചിരുന്നു.