/sathyam/media/media_files/2025/09/14/2679644-untitled-1-2025-09-14-08-17-32.webp)
ന്യൂഡൽഹി: കഴിഞ്ഞ വർഷത്തെ ആദായ നികുതി റിട്ടേണുകൾ (ഐ.ടി.ആർ) പിഴയില്ലാതെ സമർപ്പിക്കാനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിക്കാനിരിക്കെ ആറ് കോടിയിലധികം റിട്ടേണുകൾ ഇതുവരെ ലഭിച്ചതായി ആദായ നികുതി വകുപ്പ് അറിയിച്ചു.
ഐ.ടി.ആർ ഫയലിങ്, നികുതി അടക്കൽ, മറ്റ് അനുബന്ധ സേവനങ്ങൾ എന്നിവക്കായി നികുതിദായകരെ സഹായിക്കാനായി 24 മണിക്കൂറും ഹെൽപ് ഡെസ്ക് പ്രവർത്തിക്കുന്നുണ്ടെന്നും കൂടാതെ കാളുകൾ, ലൈവ് ചാറ്റുകൾ, വെബ്എക്സ് സെഷനുകൾ, ട്വിറ്റർ/എക്സ് എന്നിവയിലൂടെ പിന്തുണ നൽകുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
കഴിഞ്ഞ വർഷങ്ങളിൽ ജൂലൈ 31നകം റിട്ടേൺ ഫയൽ ചെയ്യണമായിരുന്നെങ്കിലും ഫോമിൽ വരുത്തിയ ചില മാറ്റങ്ങൾ കാരണം ഇത്തവണ സെപ്റ്റംബർ 15 വരെ സമയം അനുവദിക്കുകയായിരുന്നു. അതേസമയം, റിട്ടേൺ ഫയലിങ് മന്ദഗതിയിലാണെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ വർഷം ജൂലൈ 31 വരെ 7.28 കോടി ഐ.ടി.ആറുകളാണ് ഫയൽ ചെയ്തത്. ഐ.ടി.ആർ പോര്‍ട്ടലില്‍ സാങ്കേതിക പ്രശ്നങ്ങളുമുണ്ട്. സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ട് വിവിധ പ്രഫഷനൽ അസോസിയേഷനുകൾ ധനമന്ത്രി നിർമല സീതാരാമന് കത്തെഴുതിയിട്ടുണ്ട്. എന്നാൽ, സമയപരിധി നീട്ടുമെന്ന് പ്രതീക്ഷിച്ച് റിട്ടേൺ സമർപ്പിക്കാതിരിക്കുന്നത് അബദ്ധമായിരിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.