ഓടുന്ന ട്രെയിനിന്റെ ബോ​ഗിയിൽ കെറ്റിലിലെ നൂഡില്‍സ് പാചകം; സ്ത്രീക്കെതിരെ നടപടിയെടുത്ത് റെയില്‍വേ

New Update
woman-cooks-maggi-in-a-kettle-onboard-a-train

ഓടുന്ന ട്രെയിനിന്റെ ബോ​ഗിയിൽ ഇലക്ട്രിക് കെറ്റില്‍ ഉപയോഗിച്ച് നൂഡില്‍സ് പാചകം ചെയ്യുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ നടപടി സ്വീകരിച്ച് റെയിൽവേ.

Advertisment

ഔദ്യോഗിക എക്‌സ് അക്കൗണ്ടിലാണ് കേന്ദ്ര റെയില്‍വേ ഇക്കാര്യം അറിയിച്ചത്. വീഡിയോയിലുള്ള വ്യക്തിക്കും ചാനിലുമെതിരെ നടപടി സ്വീകരിച്ചതായിട്ടാണ് റെയിൽവേ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നത്.

ഇലക്ട്രോണിക് കെറ്റില്‍ ട്രെയിനുകള്‍ക്കുള്ളില്‍ ഉപയോഗിക്കുന്നതിന് കര്‍ശനമായ വിലക്കുണ്ട്. അത് സുരക്ഷിതമല്ല, നിയമവിരുദ്ധമാണ്, കുറ്റകരമായ ലംഘനമാണെന്നും റെയില്‍വേ വ്യക്തമാക്കി.

ഇത് തീപ്പിടിത്തത്തിലേക്ക് നയിക്കാനിടയുണ്ടെന്നും മറ്റ് യാത്രക്കാര്‍ക്കും അത് ദോഷകരമാണെന്നും പോസ്റ്റിലുണ്ട്. ചിലപ്പോള്‍ വൈദ്യുതി വിതരണം തടസപ്പെടാനും എസിയുടെയും ട്രെയിനിലെ മറ്റ് ഇലക്ട്രോണിക് പോര്‍ട്ടുകളുടെയും പ്രവര്‍ത്തനം തടസപ്പെടാനും സാധ്യതയുണ്ട്.

ഇത്തരത്തിലുള്ള അപകടകരമായ പ്രവൃത്തികളില്‍ നിന്ന് യാത്രക്കാര്‍ വിട്ടുനില്‍ക്കണം. അത്തരം പ്രവൃത്തികള്‍ എന്തെങ്കിലും ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ തന്നെ ബന്ധപ്പെട്ട അധികൃതരെ അറിയിച്ച് സുരക്ഷ ഉറപ്പാക്കണമെന്നും റെയില്‍വേ നിര്‍ദേശം നല്‍കി. അതേസമയം ഇവര്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചത് എന്ന് പോസ്റ്റില്‍ വ്യക്തമാക്കിയിട്ടില്ല.

മഹാരാഷ്ട്രയിലെ ഒരു സ്ത്രീ എസി കമ്പാർട്ടുമെന്റിന്റെ സ്വിച്ചിൽ പ്ലഗ് ചെയ്‌തിരിക്കുന്ന കെറ്റിലിൽ ഇൻസ്റ്റന്റ് നൂഡിൽസ് പാചകം ചെയ്യുന്നതിന്റെ വീഡിയോ ആണ് വൈറലായത്. ചിലർ വിഷയത്തിൽ സുരക്ഷയെക്കുറിച്ച് ആശങ്കാകുലരായപ്പോൾ മറ്റുള്ളവർ പൗരബോധത്തിന്റെ അഭാവമാണ് ചൂണ്ടിക്കാണിച്ചത്.

ടിക്കറ്റിന് പണം നൽകിയതുകൊണ്ട് മാത്രം ഒരു കമ്പാർട്ടുമെന്റിനുള്ളിൽ എന്തും ചെയ്യാൻ കഴിയുമെന്ന് പല യാത്രക്കാരും കരുതുന്നുവെന്ന് ഒരാൾ കമന്റായി കുറിച്ചിരുന്നു. എന്നാൽ ”നിങ്ങൾക്ക് ലാപ്ടോപ്പുകൾ ചാർജ് ചെയ്യാൻ കഴിയും, പിന്നെ ഇതെങ്ങനെ അപകടകരമാകും ?” എന്നാണ് ഒരാൾ ചോദിച്ചത്.

Advertisment