ശബരിമല യുവതീ പ്രവേശന വിധി: പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

New Update
11111

ഡൽഹി: കേരളത്തെ ഇളക്കിമറിച്ച ശബരിമല യുവതീ പ്രവേശന കേസ് ആറ് വർഷത്തിന് ശേഷം സുപ്രീം കോടതി ഇന്ന് വീണ്ടും പരി​ഗണിക്കും. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട ഒരുകൂട്ടം പുനഃപരിശോധനാ ഹര്‍ജികളാണ് കോടതി പരി​ഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് 66 പുനപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുക. ഹർജികൾ പരിഗണിക്കാൻ ഭരണഘടനാ ബെഞ്ച് രൂപീകരിക്കുന്നതിലും വാദം എന്നു മുതൽ തുടങ്ങുമെന്നതിലും ഇന്ന് തീരുമാനമുണ്ടായേക്കും.

ശബരിമല യുവതീ പ്രവേശനം ഭരണഘടനാപരമെന്ന് പ്രഖ്യാപിച്ച അഞ്ചംഗ ബെഞ്ചിൻ്റെ വിധി പുനപരിശോധിക്കാന്‍ നേരത്തെ തീരുമാനമെടുത്തിരുന്നു. എന്നാല്‍ ഇതിന് മുന്‍പ് ഹിന്ദുമതം ഉള്‍പ്പടെ വിവിധ മതങ്ങളിലെ സ്ത്രീകളുടെ അവകാശങ്ങളും അനിവാര്യ മതാചാരങ്ങളും സംബന്ധിച്ച ചോദ്യങ്ങളില്‍ ഒന്‍പതംഗ ബെഞ്ച് ഉത്തരം നല്‍കേണ്ടതുണ്ട്.

ഇതിനുള്ള ഭരണഘടനാ ബെഞ്ചിൻ്റെ രൂപീകരണത്തില്‍ ചീഫ് ജസ്റ്റിസ് തീരുമാനമെടുത്തേക്കും. ഒന്‍പതംഗ ബെഞ്ചിൻ്റെ മറുപടി ലഭിച്ച ശേഷമായിരിക്കും ശബരിമല വിഷയം അഞ്ചംഗ ബെഞ്ച് വീണ്ടും പരിഗണിച്ച് അന്തിമ തീരുമാനമെടുക്കുക.

2019ലാണ്‌ കേസ്‌ അവസാനം പരിണിച്ചത്‌. അന്ന്‌ കേസ്‌ പരിഗണിച്ചപ്പോൾ ഉണ്ടായിരുന്ന ചീഫ്‌ ജസ്റ്റിസ്‌ സൂര്യകാന്ത്‌ മാത്രമാണ്‌ ഇന്ന്‌ ബെഞ്ചിലുൾപ്പെട്ടിട്ടുള്ളത്. 2018ലായിരുന്നു യുവതീ പ്രവേശന വിധി. ഈ വിധി ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട ഹർജികൾ 2019 വരെ സുപ്രീംകോടതി പരിഗണിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ശബരിമല വിഷയം വീണ്ടും കോടതിയിലെത്തുന്നത് സംസ്ഥാന സർക്കാരിന് നിർണായകമാകും.

Advertisment
Advertisment