ന്യൂഡല്‍ഹി: ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാടിനെ കര്‍ദിനാള്‍ സ്ഥാനത്തേയ്ക്കുയര്‍ത്തിയത് ഇന്ത്യയ്ക്ക് അഭിമാന മുഹൂര്‍ത്തമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫ്രാന്‍സിസ് മാര്‍പാപ്പയ്‌ക്കൊപ്പമുള്ള ഇന്ത്യന്‍ പ്രതിനിധി സംഘത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് സ്ഥാനാരോഹണ ചടങ്ങിനിടെ പ്രധാനമന്ത്രി എക്‌സില്‍ കുറിപ്പിട്ടത്.
കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തെ കേന്ദ്രസര്‍ക്കാര്‍ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി അയച്ചുവെന്നും ചടങ്ങുകള്‍ക്ക് മുമ്പ, ഇന്ത്യന്‍ പ്രതിനിധികള്‍ പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചുവെന്നും പ്രധാനമന്ത്രി പോസ്റ്റില്‍ കുറിച്ചു.
സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ നടന്ന ചടങ്ങുകള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയാണ് കാര്‍മികത്വം വഹിച്ചത്. വൈദികനായിരിക്കെ നേരിട്ട് കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന ഇന്ത്യയില്‍ നിന്നുള്ള ആദ്യ പുരോഹിതനായിരിക്കുകയാണ് മാര്‍ ജോര്‍ജ് ജേക്കബ്. കര്‍ദിനാള്‍ തിരുസംഘത്തില്‍ ഒരേ സമയം മൂന്നു മലയാളികള്‍ വരുന്നത് ഇതാദ്യമായിട്ടാണ്.