കേന്ദ്ര ബജറ്റിന് മുന്നോടിയായി ധനമന്ത്രിമാരുടെ യോഗം ഇന്ന്; കേരളം എയിംസ് ആവശ്യപ്പെടും

New Update
Union-Budget-2026-meeting-of-Finance-Ministers-today

കേന്ദ്ര ബജറ്റിന് മുന്നോടിയായി കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമനും സംസ്ഥാനങ്ങളുടെ ധനമന്ത്രിമാരും തമ്മിലുള്ള യോഗം ഇന്ന്. വൈകിട്ട് മൂന്നുമണിക്ക് ധനകാര്യമന്ത്രാലയത്തിൽ വച്ചാണ് യോഗം. കേരളത്തിന്റെ ധനമന്ത്രി കെ എൻ ബാലഗോപാൽ യോഗത്തിൽ പങ്കെടുക്കും.

Advertisment

കാലാകാലങ്ങളായി സംസ്ഥാനം ആവശ്യപ്പെടുന്ന ഐയിംസ് അടക്കം ഉള്ളത് യോഗത്തിൽ ഉന്നയിക്കും.ഒപ്പം 2026 ബജറ്റിൽ സംസ്ഥാനത്തിന് വേണ്ട പരിഗണന നൽകണം എന്നും അറിയിക്കും.

സംസ്ഥാനങ്ങളുടെ ആവശ്യങ്ങളും നിർദ്ദേശങ്ങളും ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ തേടും. ഈ മാസം 28നാണ് പാർലമെന്റ് ബജറ്റ് സമ്മേളനം ആരംഭിക്കുന്നത്. ഫെബ്രുവരി ഒന്നിനായിരിക്കും കേന്ദ്ര ബജറ്റ് അവതരിപ്പിക്കുക.

നിർമല സീതാരാമൻ തുടർച്ചയായി അവതരിപ്പിക്കുന്ന ഒൻപതാമത്തെ ബജറ്റാണ് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ഇതോടെ തുടർച്ചയായി ഒൻപത് ബജറ്റുകൾ അവതരിപ്പിക്കുന്ന രാജ്യത്തെ ആദ്യ ധനമന്ത്രി എന്ന ചരിത്രനേട്ടം അവർക്ക് സ്വന്തമാകും.

രാജ്യത്ത് ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ചിട്ടുള്ളതിന്‍റെ റെക്കോർഡ് മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ പേരിലാണ്. മൊത്തം പത്ത് ബജറ്റുകൾ അവതരിപ്പിച്ചിട്ടുള്ള മൊറാർജിയുടെ റെക്കോർഡിന് തൊട്ടടുത്തെത്തുകയാണ് നിർമല സീതാരാമൻ.

Advertisment