ഡല്‍ഹി: ഇന്ത്യന്‍ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനമായ യുപിഐ സ്വീകരിക്കാന്‍ നമീബിയ അംഗീകാരം നല്‍കി. ഈ വര്‍ഷം അവസാനത്തോടെ, ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ യുപിഐ വഴി പേയ്‌മെന്റുകള്‍ ആരംഭിക്കുന്ന ആദ്യ രാജ്യമായി നമീബിയ മാറും. ഇതിന് ഇന്ത്യയും നമീബിയയും തമ്മില്‍ ലൈസന്‍സിംഗ് കരാറില്‍ ഒപ്പുവെക്കും.
നമീബിയയുടെ തലസ്ഥാനമായ വിന്‍ഡ്ഹോക്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് ഡോ. നെതുംബോ നന്ദി-ന്‍ഡൈത്വയും തമ്മില്‍ നടന്ന ഉന്നതതല യോഗത്തിലാണ് ഈ ധാരണയിലേക്ക് എത്തിയത്. ബുധനാഴ്ച രാവിലെ നമീബിയയില്‍ എത്തിയ പ്രധാനമന്ത്രി മോദി ഔദ്യോഗിക പരിപാടികളില്‍ പങ്കെടുത്തു.
പ്രസിഡന്റ് നന്ദി-ന്‍ഡൈത്വ പ്രധാനമന്ത്രിക്ക് നമീബിയയുടെ പരമോന്നത ബഹുമതിയായ 'ഓര്‍ഡര്‍ ഓഫ് ദി മോസ്റ്റ് ഏന്‍ഷ്യന്റ് വെല്‍വിച്ചിയ മിറാബിലിസ്' സമ്മാനിച്ചു.
അഞ്ച് രാഷ്ട്ര പര്യടനത്തിന്റെ അവസാന പാദത്തിലാണ് പ്രധാനമന്ത്രി മോദിയുടെ നമീബിയ സന്ദര്‍ശനം. ഈ പര്യടനത്തില്‍ ഘാന, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, ബ്രസീല്‍ എന്നിവിടങ്ങളില്‍ നിന്നും പരമോന്നത സിവിലിയന്‍ ബഹുമതികള്‍ പ്രധാനമന്ത്രിക്ക് ലഭിച്ചിരുന്നു.
ഇതോടെ പ്രധാനമന്ത്രി മോദിക്ക് ലഭിച്ച അന്താരാഷ്ട്ര ബഹുമതികളുടെ എണ്ണം 27 ആയി. 1998 ന് ശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ആദ്യ നമീബിയ സന്ദര്‍ശനമാണിത്.
പ്രതിരോധം, സമുദ്ര സുരക്ഷ, ഡിജിറ്റല്‍ സാങ്കേതികവിദ്യ, യുപിഐ, കൃഷി, ആരോഗ്യം, ഔഷധം, ഊര്‍ജ്ജം, നിര്‍ണായക ധാതുക്കള്‍ എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ സഹകരണം വര്‍ദ്ധിപ്പിക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചു. ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും വര്‍ദ്ധിപ്പിക്കാനുള്ള സാധ്യതകളും ചര്‍ച്ച ചെയ്തു.
നമീബിയയ്ക്ക് വിവിധ മേഖലകളില്‍ ഇന്ത്യയുടെ വൈദഗ്ദ്ധ്യം പങ്കുവെക്കാന്‍ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി അറിയിച്ചു.
നമീബിയയില്‍ യുപിഐ അവതരിപ്പിക്കാനുള്ള ഇന്ത്യയുടെ നീക്കം ആഫ്രിക്കന്‍ രാജ്യങ്ങളുമായി ഡിജിറ്റല്‍ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ്. ഇന്ത്യ-നമീബിയ ബന്ധം പുതിയ ഉയരങ്ങളിലേക്ക് എത്തുന്നതിന്റെ സൂചനയാണ് ഈ കരാറുകളും ബഹുമതികളും.