യുപിഎസ്‌സിയിൽ കടുപ്പമേറിയ പരിഷ്കാരം; ഐഎഎസ്/ഐഎഫ്എസ് ഉദ്യോഗസ്ഥർക്ക് വീണ്ടും പരീക്ഷ എഴുതുന്നതിൽ നിയന്ത്രണം

പുതിയ നിയമം സ്വാഗതാര്‍ഹമാണെന്നാണ് ദില്ലിയിലെ മുഖര്‍ജി നഗറിലെയും മറ്റും ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നത്.

New Update
Untitled

ഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷാ നിയമങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തി യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍.

Advertisment

ഇതിനകം സര്‍വീസിലുള്ള ഉദ്യോഗസ്ഥര്‍ മെച്ചപ്പെട്ട റാങ്കിനായി വീണ്ടും പരീക്ഷ എഴുതുന്നതിന് കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കാനും ഉദ്യോഗസ്ഥരുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഈ മാറ്റം.


നിലവില്‍ ഐഎഎസ് അല്ലെങ്കില്‍ ഐഎഫ്എസ് ആയി ജോലി ചെയ്യുന്നവര്‍ക്ക് വീണ്ടും പരീക്ഷ എഴുതണമെങ്കില്‍ ജോലി രാജിവെക്കേണ്ടി വരും. ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കോ ഗ്രൂപ്പ് എ സര്‍വീസിലുള്ളവര്‍ക്കോ റാങ്ക് മെച്ചപ്പെടുത്താന്‍ ഇനി ഒറ്റത്തവണ മാത്രമേ അവസരം ലഭിക്കൂ. ഇതില്‍ കൂടുതല്‍ തവണ പരീക്ഷ എഴുതണമെങ്കില്‍ സര്‍വീസില്‍ നിന്ന് രാജിവെക്കണം.


സര്‍വീസിലിരിക്കെ ഉദ്യോഗസ്ഥര്‍ പരീക്ഷയ്ക്കായി അവധിയെടുക്കുന്നത് ഭരണപരമായ തടസ്സങ്ങള്‍ക്കും സീറ്റുകള്‍ പാഴാകാനും കാരണമാകുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.

ഓരോ വര്‍ഷവും സിവില്‍ സര്‍വീസ് വിജയിക്കുന്നവരില്‍ വലിയൊരു വിഭാഗം തങ്ങള്‍ക്ക് ലഭിച്ച കേഡറോ സര്‍വീസോ മാറ്റുന്നതിനായി വീണ്ടും പരീക്ഷ എഴുതാറുണ്ട്. ഉദാഹരണത്തിന്, ഒരു ഐപിഎസ് ഉദ്യോഗസ്ഥന്‍ ഐഎഎസ് ലക്ഷ്യമിട്ട് വീണ്ടും പരീക്ഷ എഴുതുന്നു. ഇത് പല പ്രശ്‌നങ്ങളുണ്ടാക്കുന്നു

 ഒരു ഉദ്യോഗസ്ഥന്‍ വീണ്ടും വിജയിക്കുമ്പോള്‍ പഴയ പോസ്റ്റ് ഒഴിവായി വരുന്നു. ഇത് പുതിയ ഉദ്യോഗാര്‍ത്ഥികളുടെ അവസരം കുറയ്ക്കുന്നു.


ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കാന്‍ സര്‍ക്കാര്‍ വന്‍ തുക ചെലവാക്കുന്നുണ്ട്. വീണ്ടും പരീക്ഷ എഴുതുന്നതിലൂടെ അവര്‍ തങ്ങളുടെ ഔദ്യോഗിക ചുമതലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാത്തത് സാമ്പത്തിക നഷ്ടമുണ്ടാക്കുന്നു. കേവലം ഐഎഎസ് മാത്രമാണ് ഉന്നതമെന്ന ചിന്താഗതി മാറ്റാനും ലഭിച്ച ജോലിയില്‍ ആത്മാര്‍ത്ഥമായി പ്രവേശിക്കാനും പുതിയ നിയമം ഉദ്യോഗസ്ഥരെ പ്രേരിപ്പിക്കും.


പുതിയ നിയമം സ്വാഗതാര്‍ഹമാണെന്നാണ് ദില്ലിയിലെ മുഖര്‍ജി നഗറിലെയും മറ്റും ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നത്.

റാങ്ക് ലിസ്റ്റില്‍ ഉദ്യോഗസ്ഥര്‍ വീണ്ടും സ്ഥാനം പിടിക്കുന്നത് കുറയുന്നതോടെ തങ്ങളെപ്പോലുള്ള പുതുമുഖങ്ങള്‍ക്ക് ഇന്റര്‍വ്യൂ ഘട്ടത്തിലേക്കും മറ്റും എത്താന്‍ കൂടുതല്‍ എളുപ്പമാകുമെന്ന് അവര്‍ കരുതുന്നു. പൂജ ഖേദ്കര്‍ വിവാദത്തിന് ശേഷം യുപിഎസ്സി നടത്തുന്ന ഈ ശുദ്ധീകരണ പ്രക്രിയ സിസ്റ്റത്തിന്റെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കുമെന്നും നിരീക്ഷകര്‍ കരുതുന്നു.

Advertisment