ഡല്‍ഹി: അനധികൃതമായി നിർമ്മിച്ച മദ്രസ പൊളിച്ചതുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ, വ്യാഴാഴ്ചയുണ്ടായ അക്രമത്തിൽ നാല് പേർക്കാണ് ജീവഹാനിയുണ്ടായത്.
ബൻഭൂൽപുരയിലെ നിയമവിരുദ്ധമായി നിർമ്മിച്ച മദ്രസയും അതിനോട് ചേർന്നുള്ള ഒരു പള്ളിയും തകർത്തതിൻ്റെ പേരിൽ കലാപമുണ്ടാവുകയായിരുന്നു. താമസക്കാർ വാഹനങ്ങൾക്കും പോലീസ് സ്റ്റേഷനും തീയിടുകയും കല്ലെറിയുകയും ചെയ്തതിനെ തുടർന്ന് പ്രദേശത്ത് കർഫ്യൂ ഏർപ്പെടുത്തിയിരിക്കുകയാണ്.
ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ ഭൂരിഭാഗവും പൊലീസ് ഉദ്യോഗസ്ഥരാണെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. മറ്റുള്ളവർ മുനിസിപ്പൽ തൊഴിലാളികളാണ്. മദ്രസയും അതിൻ്റെ ഭാഗമായുള്ള മസ്ജിദും തകർക്കാനെത്തിയവരായിരുന്നു അവർ.
ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ വ്യാഴാഴ്ചയുണ്ടായ അക്രമത്തിൽ നാല് പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി സ്റ്റേറ്റ് എഡിജി ലോ ആൻഡ് ഓർഡർ എപി അൻഷുമാൻ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. നൂറോളം പൊലീസുകാർക്ക് പരിക്കേറ്റതായും അവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി.