/sathyam/media/media_files/2025/09/20/photos20-2025-09-20-10-28-58.png)
വഡോദര: പാനി പൂരി മൂലം മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടൊരു സംഭവം കഴിഞ്ഞ ദിവസം ഗുജറാത്തിലെ വഡോദരയിൽ നടന്നു. കൊടുത്ത കാശിനുള്ള പാനിപൂരി ലഭിച്ചില്ലെന്ന് പറഞ്ഞ് ഒരു യുവതി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചതാണ് ഗതാഗതക്കുരുക്കുണ്ടാക്കിയത്.
20 രൂപയ്ക്ക് 6 പൂരികളാണ് യുവതി പ്രതീക്ഷിച്ചത്. എന്നാൽ കച്ചവടക്കാരൻ നാലെണ്ണമാണ് നൽകിയത്. ഇതാണ് യുവതിയെ പ്രകോപിപ്പിച്ചത്.
ബാക്കിയുള്ള രണ്ട് പാനി പൂരികൾ നൽകണമെന്ന് പറഞ്ഞ് ഇവര്‍ റോഡിൽ കുത്തിയിരിക്കുകയായിരുന്നു. രണ്ടെണ്ണം നൽകിയാൽ മാത്രമേ അവിടെ നിന്നും എഴുന്നേൽക്കൂവെന്ന വാശിയിലായിരുന്നു യുവതി.
വിചിത്ര സമരം കണ്ട് നാട്ടുകാരെല്ലാം ചുറ്റും കൂടി. പലരും ഈ കാഴ്ച ഫോണിൽ റെക്കോർഡ് ചെയ്യുകയും ചെയ്തു. ഗതാഗത കുരുക്ക് അനുഭവപ്പെട്ടതോടെ പൊലീസ് സ്ഥലത്തെത്തി യുവതിയെ മാറ്റാൻ ശ്രമിച്ചു.
എന്നാൽ 20 രൂപയ്ക്ക് ആറ് പൂരികൾ തന്നെ ലഭിക്കണം എന്ന നിലപാടിലായിരുന്നു യുവതി. പക്ഷെ ഉദ്യോഗസ്ഥർ അവരെ ബലമായി സ്ഥലത്തു നിന്നും മാറ്റുകയായിരുന്നു.