ജാർഖണ്ഡിൽ വന്ദേ ഭാരത് ട്രെയിൻ തട്ടി ദാരുണാന്ത്യം; ഒരേ കുടുംബത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ടു

അപകടവിവരം അറിഞ്ഞ ഉടന്‍ ആര്‍പിഎഫും ഗവണ്‍മെന്റ് റെയില്‍വേ പോലീസും സ്ഥലത്തെത്തി മൃതദേഹങ്ങള്‍ കസ്റ്റഡിയിലെടുത്തു

New Update
Untitled

പാകൂര്‍: ജാര്‍ഖണ്ഡിലെ പാകൂര്‍ ജില്ലയില്‍ വന്ദേ ഭാരത് എക്‌സ്പ്രസ് തട്ടി ഒരു കുഞ്ഞടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച വൈകുന്നേരം നഗര്‍ നബി റെയില്‍വേ സ്റ്റേഷന് സമീപമാണ് നാടിനെ നടുക്കിയ ഈ അപകടം നടന്നത്.

Advertisment

ചൊവ്വാഴ്ച രാത്രി 7:10-ഓടെ ഡൗണ്‍ ലൈനിലൂടെ വന്ദേ ഭാരത് ട്രെയിന്‍ കടന്നുപോകുന്നതിനിടെയാണ് പാളം മുറിച്ചുകടക്കുകയായിരുന്ന മൂവര്‍ സംഘം അപകടത്തില്‍പ്പെട്ടത്. ഒരു പുരുഷനും സ്ത്രീയും ചെറിയ കുട്ടിയുമാണ് മരിച്ചത്. മൂവരും സംഭവസ്ഥലത്തുതന്നെ മരിച്ചതായി റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് അറിയിച്ചു.


അപകടവിവരം അറിഞ്ഞ ഉടന്‍ ആര്‍പിഎഫും ഗവണ്‍മെന്റ് റെയില്‍വേ പോലീസും സ്ഥലത്തെത്തി മൃതദേഹങ്ങള്‍ കസ്റ്റഡിയിലെടുത്തു. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും, ഇവര്‍ ഭാര്യാഭര്‍ത്താക്കന്മാരും മകനുമാണെന്ന് നാട്ടുകാര്‍ സംശയിക്കുന്നു.


മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനായി സമീപ ഗ്രാമവാസികളുമായും പഞ്ചായത്ത് പ്രതിനിധികളുമായും പോലീസ് ബന്ധപ്പെട്ടുവരികയാണ്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റും.

അപകടത്തെത്തുടര്‍ന്ന് വലിയൊരു ജനക്കൂട്ടം സ്ഥലത്ത് തടിച്ചുകൂടിയെങ്കിലും റെയില്‍വേ പോലീസ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. തിരിച്ചറിയല്‍ നടപടികള്‍ പൂര്‍ത്തിയായാലുടന്‍ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് ആര്‍പിഎഫ് ഇന്‍ചാര്‍ജ് സഞ്ജയ് കുമാര്‍ സിംഗ് അറിയിച്ചു.

Advertisment