/sathyam/media/media_files/2025/12/14/vande-bharat-trains-2025-12-14-11-02-16.jpg)
തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനുകളില്‍ പ്രാദേശിക ഭക്ഷണവിഭവങ്ങള്‍ വിളമ്പാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതോടെ കേരളത്തിലോടുന്ന മൂന്ന് വന്ദേഭാരത് ട്രെയിനുകളില്‍ ഭക്ഷണം വിളമ്പാന്‍ കുടുംബശ്രീയ്ക്ക് അനുമതി ലഭിച്ചേക്കും.
കടന്നുപോകുന്ന ഓരോ പ്രദേശത്തിന്റെയും സംസ്‌കാരവും അഭിരുചികളും പ്രതിഫലിപ്പിക്കുന്ന ഭക്ഷണം വാഗ്ദാനം ചെയ്യാനാണ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അനുമതി നല്‍കിയത്. ഭാവിയില്‍ ക്രമേണ ഈ സൗകര്യം എല്ലാ ട്രെയിനുകളിലേക്കും വ്യാപിപ്പിക്കും.
കേരളത്തിലോടുന്ന വന്ദേഭാരത് ട്രെയിനുകളില്‍ വന്‍ വില കൊടുത്ത് ടിക്കറ്റ് എടുത്ത് പുഴു അരിച്ച ഭക്ഷണം കഴിക്കേണ്ട ഗതികേടിലാണ് ട്രെയിന്‍ യാത്രക്കാര്‍. വൃത്തി ഇല്ലാത്തതും പഴകിയതും ആയ ഭക്ഷണം ആണ് വിളമ്പുന്നത്. ഡല്‍ഹിയിലെ വമ്പന്‍ ഗ്രൂപ്പുകള്‍ ആണ് ട്രെയിന്‍ ഭക്ഷണം നല്‍കാനുള്ള കരാര്‍ എടുത്തിരിക്കുന്നത്.
കുടുംബ ശ്രീ അടക്കം ട്രെയിന്‍ ഭക്ഷണ വിതരണ കരാര്‍ നേടാന്‍ ശ്രമിച്ചിരുന്നെങ്കിലും കിട്ടിയിരുന്നില്ല. പഴകിയ ഭക്ഷണം നല്‍കുന്നതിനാല്‍ വന്ദേഭാരത് ട്രെയിനുകളില്‍ യാത്രക്കാര്‍ ഭക്ഷണം ഒഴിവാക്കിയാണ് ടിക്കറ്റ് ബുക്ക് ചെയ്യുന്നത്.
കേരളത്തിലോടുന്ന രണ്ട് വന്ദേഭാരത് ട്രെയിനുകളിലെ ഭക്ഷണം വിതരണ കരാറില്‍ നിന്ന് ഒഴിവാക്കിയ കമ്പനി വൃത്തിഹീനമായി ഭക്ഷണം തയ്യാറാക്കിയതിന് മാസങ്ങള്‍ക്ക് മുന്‍പ് കൊച്ചിയില്‍ പൂട്ടിച്ച ബൃന്ദാവന്‍ ഫുഡ് പ്രോഡക്ട്‌സ് ആണ്. ദക്ഷിണേന്ത്യയിലെ വന്ദേഭാരത് ട്രെയിനുകളില്‍ ഭക്ഷണവിതരണം ബൃന്ദാവന്‍ ഫുഡ് പ്രോഡക്ട്‌സിന്റെ കുത്തകയാണ്. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ റെയില്‍വേ തന്നെ ഇവര്‍ക്ക് നേരിട്ട് കരാര്‍ നല്‍കുകയായിരുന്നു.
ചെറുകിട കരാറുകാര്‍ക്ക് മറിച്ചുനല്‍കുകയാണ് ഇവരുടെ രീതി. എളംകുളത്ത് ദുര്‍ഗന്ധം വമിക്കുന്ന കെട്ടിടത്തില്‍ അന്യസംസ്ഥാന തൊഴിലാളികളാണ് ഭക്ഷണം തയ്യാറാക്കിയിരുന്നത്. കോര്‍പ്പറേഷന്‍ ഹെല്‍ത്ത് വിഭാഗം മേയ് 14ന് കിച്ചന്‍ പൂട്ടിച്ചെങ്കിലും കരാര്‍ തുടര്‍ന്നു.
a
/filters:format(webp)/sathyam/media/media_files/2025/03/21/KuhNzHjEAaQDa9Udgrjl.jpg)
റെയില്‍വേയില്‍ വമ്പന്മാരുമായി ഇവര്‍ക്ക് അടുത്ത ബന്ധം ആണുള്ളത്. പരാതികള്‍ വ്യാപകമായതോടെയാണ് ട്രെയിനുകളില്‍ പ്രാദേശികമായ ഭക്ഷണം വിളമ്പാന്‍ റെയില്‍വേ മന്ത്രാലയം അനുമതി നല്‍കിയത്.
കൊച്ചി കോര്‍പ്പറേഷന്റെ കുടുംബശ്രീ സംരംഭമായ സമൃദ്ധി കിച്ചന്‍ ഇപ്പോള്‍ എറണാകുളത്തെ നാലു ട്രെയിനുകളിലെ ഭക്ഷണവിതരണം കരാറെടുത്തിട്ടുണ്ട്. ജനശതാബ്ദി, പരശുറാം, ഇന്റര്‍സിറ്റി, വേണാട് ട്രെയിനുകളിലാണ് ലഭിക്കുക. വിലക്കുറവിനും ഗുണനിലവാരത്തിനും പേരുകേട്ട സമൃദ്ധി റെയില്‍വേയുടെ മദദ് ആപ്പുവഴി ഓണ്‍ലൈന്‍ ഓര്‍ഡര്‍ ഉടനെ ഏറ്റെടുക്കും.
റെയില്‍വേ കേറ്ററിംഗ് രംഗത്തെ പ്രമാണികള്‍ പതിറ്റാണ്ടുകളായി ഡല്‍ഹിയിലെ ആര്‍.കെ. അസോസിയേറ്റ്‌സാണ്. ഐ.ആര്‍.സി.ടി.സിയുടെ ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനുകളുടെ നടത്തിപ്പ് പൂര്‍ണമായും ഇവര്‍ക്കാണ്.
ആര്‍.കെ അസോസിയേറ്റ്‌സും ബൃന്ദാവന്‍, രൂപ്സ് ഫുഡ്‌സ്, സത്യം ഫുഡ്‌സ് തുടങ്ങിയ കമ്പനികളും ചേര്‍ന്നാണ് റെയില്‍വേയിലെ ഭക്ഷണ വിതരണം നിയന്ത്രിക്കുന്നത്. പ്രാദേശിക ഭക്ഷണം വിളമ്പാനുള്ള കേന്ദ്രത്തിന്റെ നിര്‍ണായക തീരുമാനം ഈ ഭക്ഷണ വിതരണ കുത്തകകളെ തകര്‍ക്കുന്നതായിരിക്കും.
വ്യാജ തിരിച്ചറിയല്‍ സംവിധാനങ്ങള്‍ വഴി നടത്തുന്ന ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗിനെതിരെ റെയില്‍വേ ശക്തമായ നടപടികളെടുക്കാനും തീരുമാനിച്ചു. യഥാര്‍ത്ഥ ഉപഭോക്താക്കളെ തിരിച്ചറിയുന്നതിനും വ്യാജ തിരിച്ചറിയല്‍ രേഖകള്‍ കണ്ടെത്തുന്നതിനും കര്‍ശനമായ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഐആര്‍സിടിസി വെബ്സൈറ്റില്‍ ഇപ്പോള്‍ പ്രതിദിനം 5,000 പുതിയ ഉപയോക്തൃ ഐഡികളാണ് സൃഷ്ടിക്കപ്പെടുന്നത്. ഈ പുതിയ പരിഷ്‌കാരങ്ങള്‍ വരും മുമ്പ്, പുതിയ ഉപയോക്തൃ ഐഡികളായി സൃഷ്ടിക്കപ്പെടുന്നതിന്റെ എണ്ണം പ്രതിദിനം ഒരു ലക്ഷത്തോളം വരെ എത്തിയിരുന്നു. ഈ നടപടികള്‍ 3.03 കോടി വ്യാജ അക്കൗണ്ടുകള്‍ നിര്‍ജ്ജീവമാക്കാന്‍ റെയില്‍വേയെ സഹായിച്ചിട്ടുണ്ട്.
സംശയാസ്പദമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന്റെ അടിസ്ഥാനത്തില്‍ 2.7 കോടി ഉപയോക്തൃ ഐഡികള്‍ താല്‍ക്കാലികമായി മരവിപ്പിക്കുകയോ മരവിപ്പിക്കാനായി തിരിച്ചറിയുകയോ ചെയ്തിട്ടുണ്ട്. എല്ലാ യാത്രക്കാര്‍ക്കും യഥാര്‍ത്ഥ ഐഡി വഴി എളുപ്പത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയുന്ന തരത്തിലേക്ക് ടിക്കറ്റ് സംവിധാനം പരിഷ്‌കരിക്കുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us