/sathyam/media/media_files/2025/11/23/2735323-vande-bharat-express-2025-11-23-23-35-45.webp)
ന്യൂഡൽഹി: യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യം പരിഗണിച്ച് നാഗ്പൂർ-ഇൻഡോർ വന്ദേഭാരത് എക്സ്പ്രസിന്‍റെ കോച്ചുകളുടെ എണ്ണം വർധിപ്പിക്കുന്നു. നിലവിലെ എട്ട് കോച്ചുകളാണ് 16 എണ്ണമായി ഇരട്ടിയാക്കുന്നത്.
നവംബർ 24 മുതൽ നാഗ്പൂരിൽ നിന്നും ഇൻഡോറിൽ നിന്നും പുറപ്പെടുന്ന വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകളിൽ പുതിയ ക്രമീകരണം പ്രാബല്യത്തിൽ വരുമെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു.
20912/20911 നാഗ്പൂർ-ഇൻഡോർ വന്ദേഭാരത് എക്സ്പ്രസിൽ ഇനി കോച്ചുകളുടെ എണ്ണം 16 ആയിരിക്കും. ഇതിൽ 2 എ.സി എക്സിക്യൂട്ടീവ് ക്ലാസും 14 എ.സി ചെയർ കാറുകളും ഉൾപ്പെടും. നിലവിലെ എട്ട് കോച്ചുകളിൽ 530 പേരാണ് യാത്ര ചെയ്യുന്നതെങ്കിൽ 16 കോച്ചുകളിൽ 1,128 പേർക്ക് യാത്ര ചെയ്യാനാകും.
സീറ്റുകളുടെ എണ്ണം വർധിപ്പിക്കുക വഴി വെയ്റ്റിങ് ലിസ്റ്റിലെ എണ്ണം കുറക്കാനും യാത്രക്കാരുടെ യാത്ര സുഗമമാക്കാനും സാധിക്കും. വേഗത, നവീകരിച്ച സൗകര്യങ്ങൾ, സുരക്ഷാ മാനദണ്ഡം എന്നിവ വന്ദേഭാരത് ട്രെയ്നുകളിലേക്ക് യാത്രക്കാരെ ആകർഷിക്കുന്നുണ്ട്.
കോച്ച് വർധന കൂടാതെ, പരീക്ഷണാടിസ്ഥാനത്തിൽ രണ്ട് വന്ദേഭാരത് എക്സ്പ്രസ് സർവീസുകൾക്ക് റെയിൽവേ പുതിയ സ്റ്റോപ്പുകൾ അനുവദിച്ചു.
സി.എസ്.എം.ടി–സോളാപൂർ–സി.എസ്.എം.ടി വന്ദേ ഭാരത് എക്സ്പ്രസ് (ട്രെയിൻ നമ്പർ 22225/22226) ഇപ്പോൾ ദൗണ്ട് സ്റ്റേഷനിൽ നിർത്തും. സി.എസ്.എം.ടിയിൽ നിന്നുള്ള 22225 നമ്പർ ട്രെയിൻ രാത്രി 8.13ന് ദൗണ്ടിൽ എത്തും. സോളാപൂരിൽ നിന്നുള്ള 22226 നമ്പർ ട്രെയിൻ നവംബർ 24 മുതൽ രാവിലെ 8.08ന് ദൗണ്ടിൽ എത്തും.
പൂണെ–ഹുബ്ബള്ളി–പൂണെ വന്ദേ ഭാരത് എക്സ്പ്രസ് (ട്രെയിൻ നമ്പർ 20670/20669) കിർലോസ്‌കർവാഡി സ്റ്റേഷനിൽ നിർത്തും. പൂണെയിൽ നിന്നുള്ള ട്രെയിൻ നമ്പർ 20670 നവംബർ 24 മുതൽ വൈകുന്നേരം 5.43ന് എത്തും. ഹുബ്ബള്ളിയിൽ നിന്നുള്ള ട്രെയിൻ നമ്പർ 20669 നവംബർ 26 മുതൽ രാവിലെ 9.38ന് എത്തും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us