/sathyam/media/media_files/2025/07/23/untitledunammsupreme-court-2025-07-23-09-10-45.jpg)
ന്യൂഡല്‍ഹി: റിലയന്‍സ് ഫൗണ്ടേഷന് കീഴിലുള്ള വന്യജീവി പുനരധിവാസ സംരക്ഷണ കേന്ദ്രത്തിന് എതിരെ അന്വേഷണം. പദ്ധതിയ്ക്കായി മൃഗങ്ങളെ എത്തിച്ചത് ഉള്‍പ്പെടെയാണ് പരിശോധിക്കുന്നത്. അന്വേഷണത്തിനായി സുപ്രീം കോടതി പ്രത്യേക സംഘത്തെ നിയോഗിച്ചു.
വന്‍താരയുമായി ബന്ധപ്പെട്ട് പരിസ്ഥിതി, വന്യജീവി, സാമ്പത്തിക ചട്ടങ്ങളുടെ ലംഘനങ്ങള്‍ നടന്നു എന്നാരോപിച്ച് സമര്‍പ്പിക്കപ്പെട്ട ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിച്ചാണ് കോടതിയുടെ നടപടി.
സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ജെ. ചെലമേശ്വറിന്റെ അധ്യക്ഷതയിലാണ് പ്രത്യേക അന്വേഷണ സംഘം.
വന്‍താരയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സമഗ്രമായ അന്വേഷണം നടത്തണം എന്നാണ് സുപ്രീം കോടതി നിര്‍ദേശം. ഉത്തരാഖണ്ഡ്, തെലങ്കാന ഹൈക്കോടതികളിലെ മുന്‍ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് രാഘവേന്ദ്ര ചൗഹാന്‍,
മുംബൈ മുന്‍ പോലീസ് കമ്മീഷണര്‍ ഹേമന്ത് നഗ്രാലെ, ഐപിഎസ്, അഡീഷണല്‍ കമ്മീഷണര്‍, കസ്റ്റംസ് അനീഷ് ഗുപ്ത, ഐആര്‍എസ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.
ഇന്ത്യയിലേയും വിദേശത്തേയും പരിക്കേറ്റതും, ഉപദ്രവിക്കപ്പെട്ടതും, സംരക്ഷണം ആവശ്യപ്പെടുന്നതുമായി മൃഗങ്ങളുടെ പരിചരണം, പുനരധിവാസം, ചികിത്സ എന്നിവ ലക്ഷ്യമിട്ടാണ് റിലയന്‍സ് ഫൗണ്ടേഷന്‍ വന്‍താര പദ്ധതിക്ക് തുടക്കമിട്ടത്.
ഗുജറാത്തിലെ ജാംനഗറില്‍ റിലയന്‍സ് റിഫൈനറി കോംപ്ലക്സിന്റെ ഗ്രീന്‍ ബെല്‍റ്റില്‍ വ്യാപിച്ച് കിടക്കുന്ന 3000 ഏക്കറിലാണ് പദ്ധതി സജ്ജമാക്കിയിരിക്കുന്നത്. 43 ഇനങ്ങളിലായി 2000-ലധികം മൃഗങ്ങളെയാണ് നിലവില്‍ പരിപാലിക്കുന്നത്.
ഇന്ത്യയുടെ പലഭാഗങ്ങളില്‍ നിന്നും എത്തിച്ച പരിക്കേറ്റ 200 ഓളം പുള്ളിപ്പുലികള്‍, മുതലകള്‍, ആഫ്രിക്കയില്‍ നിന്നും മെക്സിക്കോയില്‍ നിന്നും രക്ഷിച്ച അപൂര്‍വ്വ ഇനം മൃഗങ്ങൾ എന്നിവയും ഇവിടെയുണ്ട്.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, റിലയന്‍സ് ഫൗണ്ടേഷന്‍ എന്നിവയുടെ ബോര്‍ഡ് ഡയറക്ടറും മുകേഷ് അംബാനിയുടെ ഇളയ മകനുമായ ആനന്ത് അംബാനിയാണ് വന്‍താര എന്ന ആശയത്തിന് പിന്നില്‍.