വാരണാസിയിലെ ഹോട്ടൽ മുറിയിൽ ഹൈദരാബാദ് സ്വദേശികളായ സഹോദരങ്ങൾ മരിച്ച നിലയിൽ; 6.6 ലക്ഷം രൂപയും കണ്ടെടുത്തു

മൃതദേഹങ്ങള്‍ക്ക് സമീപത്തുണ്ടായിരുന്ന ബാഗുകളില്‍ നിന്ന് ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ലാപ്‌ടോപ്പ് എന്നിവയ്ക്കൊപ്പം 6,61,000 രൂപയും പോലീസ് കണ്ടെടുത്തിട്ടുണ്ട്

New Update
Untitled

വാരണാസി: ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ തീര്‍ത്ഥാടനത്തിനെത്തിയ ഹൈദരാബാദ് സ്വദേശികളായ സഹോദരങ്ങളെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

Advertisment

ഗണേഷ് ഗൗഡ് ഗുന്‍ലപ്പള്ളി (46), സഹോദരി ധനലക്ഷ്മി ഗുന്‍ലപ്പള്ളി (38) എന്നിവരെയാണ് ചൊവ്വാഴ്ച ഉച്ചയോടെ വാരണാസിയിലെ ഒരു ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ നിന്ന് 6.61 ലക്ഷം രൂപയും പോലീസ് കണ്ടെടുത്തു.


കഴിഞ്ഞ മൂന്ന് ദിവസമായി ഇവര്‍ ഹോട്ടലില്‍ താമസിച്ചു വരികയായിരുന്നു. ചൊവ്വാഴ്ച ചെക്ക്-ഔട്ട് ചെയ്യേണ്ട സമയമായിട്ടും മുറി തുറക്കാത്തതിനെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. മാസ്റ്റര്‍ കീ ഉപയോഗിച്ച് മുറി തുറന്നപ്പോള്‍ രണ്ടുപേരും തറയില്‍ മരിച്ചുകിടക്കുന്ന നിലയിലായിരുന്നു.


രണ്ടുപേരുടെയും വായില്‍ നിന്ന് രക്തം ഒലിച്ച നിലയിലായിരുന്നു. മുറിയിലെ മേശപ്പുറത്ത് ഒഴിഞ്ഞ ഗുളിക ഉറകളും മരുന്നുകളും ചിതറിക്കിടക്കുന്നുണ്ടായിരുന്നു. വിഷാംശം ഉള്ളില്‍ ചെന്നാകാം മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.

മൃതദേഹങ്ങള്‍ക്ക് സമീപത്തുണ്ടായിരുന്ന ബാഗുകളില്‍ നിന്ന് ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ലാപ്‌ടോപ്പ് എന്നിവയ്ക്കൊപ്പം 6,61,000 രൂപയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. രേഖകള്‍ പരിശോധിച്ചതില്‍ നിന്നാണ് ഇവര്‍ ഹൈദരാബാദിലെ സീതാഫല്‍ മണ്ടി സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞത്.


മുറിയില്‍ ബലപ്രയോഗം നടന്നതിന്റെ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും ആത്മഹത്യയാണെന്നാണ് പ്രാഥമികമായി കരുതുന്നതെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ഗൗരവ് ബന്‍സാല്‍ പറഞ്ഞു. എന്നാല്‍ ആത്മഹത്യാക്കുറിപ്പുകളൊന്നും മുറിയില്‍ നിന്ന് ലഭിച്ചിട്ടില്ല. മരണത്തിന്റെ യഥാര്‍ത്ഥ കാരണം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷം മാത്രമേ വ്യക്തമാകൂ.


ഹൈദരാബാദിലെ ഇവരുടെ ബന്ധുക്കളെ വിവരമറിയിക്കാനുള്ള ശ്രമങ്ങള്‍ പോലീസ് ആരംഭിച്ചു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും ജീവനക്കാരുടെ മൊഴികളും പോലീസ് പരിശോധിച്ചു വരികയാണ്.

Advertisment