/sathyam/media/media_files/2026/02/11/untitled-2026-02-11-10-38-42.jpg)
ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് നീങ്ങുന്ന തമിഴ്നാട്ടില്‍ രാഷ്ട്രീയ സമവാക്യങ്ങളും സഖ്യചര്‍ച്ചകളും സജീവമാകുന്നതിനിടെ, സംസ്ഥാനത്തിന്റെ രാഷ്ട്രീയ-സാമ്പത്തിക-സാമൂഹിക സാഹചര്യങ്ങള്‍ വിശകലനം ചെയ്യാന്‍ ചെന്നൈയില്‍ 'റൗണ്ട് ടേബിള്‍' സംഘടിപ്പിക്കുന്നു. ബുധനാഴ്ച നടക്കുന്ന പരിപാടിയില്‍ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍, നയതന്ത്രജ്ഞര്‍, വിശകലന വിദഗ്ധര്‍ എന്നിവര്‍ പങ്കെടുക്കും.
മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ പ്രസംഗത്തോടെയാണ് പരിപാടി ആരംഭിക്കുന്നത്. ഭരണ നേട്ടങ്ങളും വികസന മുന്‍ഗണനകളും അദ്ദേഹം വിശദീകരിക്കും.
സിനിമയും രാഷ്ട്രീയവും എന്നും ഇഴചേര്‍ന്നു നില്‍ക്കുന്ന തമിഴ്നാട്ടില്‍, നടന്‍ വിജയിന്റെ രാഷ്ട്രീയ പ്രവേശനം (തമിഴക വെട്രി കഴകം) ചര്‍ച്ച ചെയ്യുന്ന പ്രത്യേക സെഷന്‍ ശ്രദ്ധേയമാകും. ഡിഎംകെ, എഐഎഡിഎംകെ, ബിജെപി നേതാക്കള്‍ ഇതില്‍ പങ്കെടുക്കും.
ഖുശ്ബു സുന്ദര്‍ (ബിജെപി), അപ്സര റെഡ്ഡി (എഐഎഡിഎംകെ), കനിമൊഴി എന്‍വിഎന്‍ സോമു (ഡിഎംകെ) എന്നിവര്‍ തമിഴ് രാഷ്ട്രീയത്തിലെ സ്ത്രീ പങ്കാളിത്തത്തെക്കുറിച്ച് സംസാരിക്കും.
കെ. അണ്ണാമലൈയും കാര്‍ത്തി ചിദംബരവും തമ്മിലുള്ള സംവാദം ദക്ഷിണേന്ത്യയിലെ ബിജെപിയുടെ വളര്‍ച്ചയും രാഷ്ട്രീയ തന്ത്രങ്ങളും വിലയിരുത്തും.
പ്രതിപക്ഷ നേതാവ് എടപ്പാടി കെ. പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും സമാപന സെഷനുകളില്‍ തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കും.
പി.ടി.ആര്‍ പളനിവേല്‍ ത്യാഗരാജന്‍, അന്‍ബില്‍ മഹേഷ് പൊയ്യാമൊഴി, ദയാനിധി മാരന്‍ തുടങ്ങിയവരും വിവിധ സെഷനുകളില്‍ സര്‍ക്കാരിന്റെ ഐടി, വിദ്യാഭ്യാസ നയങ്ങളെക്കുറിച്ചും ക്ഷേമപദ്ധതികളെക്കുറിച്ചും സംസാരിക്കും. ഭാഷാ രാഷ്ട്രീയം, സോഷ്യല്‍ ജസ്റ്റിസ്, ഹിന്ദുത്വ തുടങ്ങിയ വിഷയങ്ങള്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കുമെന്നതിന്റെ സൂചനകള്‍ ഈ ചര്‍ച്ചയിലൂടെ പുറത്തുവരും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us