/sathyam/media/media_files/2024/12/04/j7dsWdfmJVOo3SDMDqSv.jpg)
ചെന്നൈ: ഫെംഗല്‍ ചുഴലിക്കാറ്റ് കൈകാര്യം ചെയ്ത രീതിയില്‍ ഡിഎംകെ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി തമിഴഗ വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ് രംഗത്ത്.
പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും സഹായം വിതരണം ചെയ്യുകയും ഫോട്ടോയെടുക്കുകയും ചെയ്യുന്ന നേതാക്കള്‍ മാധ്യമശ്രദ്ധ മങ്ങിക്കഴിഞ്ഞാല്‍ ജനങ്ങളെ കൈയൊഴിയുകയാണെന്നും വര്‍ഷം തോറും നടക്കുന്ന വെറും ആചാരാനുഷ്ഠാനമായി ദുരന്തനിവാരണത്തെ സര്‍ക്കാര്‍ മാറ്റിയതായും വിജയ് വിമര്‍ശിച്ചു.
കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടാകുമെന്ന് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും പ്രാഥമിക മുന്‍കരുതല്‍ നടപടികള്‍ പോലും നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് അദ്ദേഹം ആരോപിച്ചു.
പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുക എന്ന പ്രാഥമിക ഉത്തരവാദിത്തം സര്‍ക്കാര്‍ മറക്കുന്നു. ഒന്നോ രണ്ടോ ദിവസം മാത്രം ആളുകളെ കണ്ട് താത്കാലിക പരിഹാരങ്ങള്‍ നല്‍കിയാല്‍ പോരാ. ദുരന്ത നിവാരണത്തിനും കാലാവസ്ഥാ വ്യതിയാന ലഘൂകരണത്തിനും ദീര്‍ഘകാല നടപടികള്‍ അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഡിഎംകെ സര്‍ക്കാര്‍ വിമര്‍ശകരെ സര്‍ക്കാര്‍ വിരുദ്ധരായി മുദ്രകുത്തുന്നുവെന്നും വിമര്‍ശനങ്ങളെ രാഷ്ട്രീയവല്‍ക്കരിച്ച് അവരുടെ ഉദ്ദേശ്യങ്ങളെ കാവിവല്‍ക്കരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
പ്രതിപക്ഷത്തെ വിമര്‍ശിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് രക്ഷപ്പെടാമെന്ന് സര്‍ക്കാര്‍ കരുതുന്നു. എന്നാല്‍, ജനങ്ങളെ കബളിപ്പിക്കുന്ന ഭരണാധികാരികള്‍ക്ക് ആയുസ്സില്ലെന്നാണ് ചരിത്രം തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ ഭക്ഷണം, കുടിവെള്ളം, പലചരക്ക് സാധനങ്ങള്‍ തുടങ്ങിയ അവശ്യ സഹായങ്ങള്‍ നല്‍കുന്നത് തുടരാന്‍ തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും ടിവികെ കേഡറുകളോട് വിജയ് അഭ്യര്‍ത്ഥിച്ചു.
കാലാവസ്ഥാ വകുപ്പ് കനത്ത മഴയെക്കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കുന്നത് തുടരുന്നതിനാല്‍ ജാഗ്രത പാലിക്കാനും സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കാനും അദ്ദേഹം ആഹ്വാനം ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us