ബംഗളൂരു: ആർ.സി.ബിയുടെ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് 11 പേർ മരിക്കാനിടയായ സംഭവത്തിൽ വിരാട് കോഹ്‍ലിയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തം.
എക്സിൽ അറസ്റ്റ് കോഹ്‍ലി ഹാഷ്ടാഗ് ട്രെൻഡിങ്ങായി. വിരാട് കോഹ്‍ലിയുടെ ലണ്ടൻ യാത്രക്കനുസരിച്ചാണ് പരിപാടി സംഘടിപ്പിച്ചതെന്ന് എക്സിലെ യൂസർമാർ ആരോപിച്ചു.
വ്യാഴാഴ്ച കോഹ്‍ലിക്ക് ലണ്ടനിലേക്ക് പോകേണ്ടിയിരുന്നു. അതിനാലാണ് എതിർപ്പ് അവഗണിച്ചും ബുധനാഴ്ചതന്നെ വിക്ടറി പരേഡ് നടത്തിയതെന്നാണ് എക്സിലെ കുറിപ്പുകളിൽ ഒരു വിഭാഗം ആരോപിക്കുന്നത്. ദുരന്തത്തിന് ശേഷം ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടതല്ലാതെ മറ്റൊന്നും കോഹ്‍ലി ചെയ്തില്ലെന്നും ആക്ഷേപമുണ്ട്.
അപകടത്തിന്റെ പശ്ചാത്തലത്തിലും ടീം ആഘോഷങ്ങൾ നിർത്തിവെക്കാത്തത് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. വിക്ടറി പരേഡ് ഒഴിവാക്കിയെങ്കിലും താരങ്ങൾ സ്റ്റേഡിയത്തിനകത്ത് ആഘോഷങ്ങൾ നടത്തുകയായിരുന്നു.