/sathyam/media/media_files/2025/09/06/1001231578-2025-09-06-14-30-10.webp)
വിശാഖപട്ടണം: ആന്ധ്രാപ്രദേശിൽ വാര്‍ഡനെ ആക്രമിച്ച് രണ്ട് തടവുകാര്‍ ജയില്‍ ചാടി. അനകപള്ളി ജില്ലയിലെ ചോടവാരം സബ് ജയിലിലായിരുന്നു സംഭവം.
നക്ക രവികുമാർ, ബെസവാഡ രാമു എന്നീ രണ്ട് തടവുകാരാണ് ജയിൽ വാർഡൻ വീരാജുവിനെ ആക്രമിച്ച് രക്ഷപ്പെട്ടത്.
സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. അടുക്കള ഡ്യൂട്ടിയിലായിരുന്ന തടവുകാർ ജയിൽ ജീവനക്കാരെ ആക്രമിച്ച് രക്ഷപ്പെടുന്നത് ദൃശ്യങ്ങളിൽ കാണാം.
പെൻഷൻ ഫണ്ട് ദുരുപയോഗം ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ട നക്ക രവികുമാറാണ് ഹെഡ് വാർഡനെ ചുറ്റിക കൊണ്ട് ആക്രമിച്ചത്.
തുടർന്ന് വാർഡന്റെ താക്കോൽ ഉപയോഗിച്ച് രവികുമാറും മോഷണക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട രാമു എന്ന തടവുകാരനും രക്ഷപ്പെടുകയായിരുന്നു.
സംഭവത്തിൽ വീരാജുവിന്റെ തലയ്ക്ക് പരിക്കേറ്റു. അദ്ദേഹത്തെ ചോടവാരത്തെ ഒരു സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ജയിൽ അധികൃതർ അറിയിച്ചു.
ഉടൻ തന്നെ ഉദ്യോഗസ്ഥർ പരിസര പ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും പ്രതികളെ പിടികൂടാൻ സാധിച്ചില്ല.
തടവുകാരെ പിടികൂടുന്നതിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
തടവുകാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇവരെ പെട്ടെന്നുതന്നെ പിടികൂടുമെന്നും അനകപള്ളി ജില്ലിലെ മുതിർന്ന പൊലീസ് ഓഫീസർ തുഹിൻ സിൻഹ വ്യക്തമാക്കി.