ഐടി ഓഹരികളുടെ തകർച്ച: 'ഭീഷണി യാഥാർത്ഥ്യം, അതിജീവനം വേഗത്തിലുള്ള മാറ്റത്തിലൂടെ'; വിശാൽ സിക്ക

നിലവിലുള്ള ജോലികള്‍ എഐ ഏറ്റെടുക്കുന്നതിന് മുന്‍പേ പുതിയ മേഖലകളിലേക്ക് ചുവടുമാറാന്‍ കമ്പനികള്‍ക്ക് സാധിക്കണം. ഈ മാറ്റത്തിന് തയ്യാറാകുന്നവര്‍ മാത്രമേ അതിജീവിക്കുകയുള്ളൂ.

New Update
Untitled

മുംബൈ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വരുത്തിവയ്ക്കുന്ന തൊഴില്‍ പ്രതിസന്ധികളെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയില്‍ ഇന്ത്യന്‍ ഐടി മേഖല നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് പ്രതികരിച്ച് ഇന്‍ഫോസിസ് മുന്‍ സിഇഒ വിശാല്‍ സിക്ക.

Advertisment

ഐടി രംഗത്തെ മാറ്റങ്ങള്‍ യാഥാര്‍ത്ഥ്യമാണെന്നും എന്നാല്‍ അത് എങ്ങനെ ഓരോ കമ്പനിയെയും ബാധിക്കുമെന്നത് അവര്‍ എത്രത്തോളം വേഗത്തില്‍ മാറുന്ന സാഹചര്യങ്ങളോട് പൊരുത്തപ്പെടുന്നു എന്നതിനെ ആശ്രയിച്ചിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.


അടുത്തിടെ ഐടി ഓഹരികളില്‍ ഉണ്ടായ വന്‍ തകര്‍ച്ചയെക്കുറിച്ചും എഐ ഭീതിയെക്കുറിച്ചും സിഎന്‍ബിസി-ടിവി18-നോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സോഫ്റ്റ്വെയര്‍ വികസനത്തിലെ ആവര്‍ത്തന സ്വഭാവമുള്ള ജോലികളെ എഐ ബാധിക്കുമെന്നതില്‍ സംശയമില്ല. ഈ മാറ്റം വളരെ വേഗത്തിലാണ് സംഭവിക്കുന്നത്. നമ്മുടെ തലച്ചോറിന് ചിന്തിക്കാന്‍ കഴിയുന്നതിലും വേഗത്തിലുള്ള മാറ്റമാണിത്.

ഓഹരി വിപണി അതിന്റെ രീതിയില്‍ പ്രതികരിക്കും. ഓഹരി വിലകളിലെ ഹ്രസ്വകാല മാറ്റങ്ങളെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ മാസം മാത്രം ഇന്ത്യന്‍ ഐടി സൂചിക 15 ശതമാനത്തോളം ഇടിഞ്ഞിരുന്നു.

ഇന്ത്യയുടെ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന 17 ലക്ഷം ആളുകളുടെ മൊത്തത്തിലുള്ള കഴിവ് അനന്തമാണ്. ഈ മനുഷ്യവിഭവശേഷിയെ പുതിയ സാങ്കേതികവിദ്യയുമായി കൂട്ടിയിണക്കിയാല്‍ ഇന്ത്യക്ക് വലിയ നേട്ടമുണ്ടാക്കാം.

നിലവിലുള്ള ജോലികള്‍ എഐ ഏറ്റെടുക്കുന്നതിന് മുന്‍പേ പുതിയ മേഖലകളിലേക്ക് ചുവടുമാറാന്‍ കമ്പനികള്‍ക്ക് സാധിക്കണം. ഈ മാറ്റത്തിന് തയ്യാറാകുന്നവര്‍ മാത്രമേ അതിജീവിക്കുകയുള്ളൂ.


വൈ2കെ, മൊബൈല്‍ കമ്പ്യൂട്ടിംഗ്, ക്ലൗഡ് സര്‍വീസസ് തുടങ്ങിയ മാറ്റങ്ങളെ അതിജീവിച്ച ചരിത്രം ഇന്ത്യന്‍ ഐടി മേഖലയ്ക്കുണ്ട്. എന്നാല്‍ ഇത്തവണ എഐയുടെ വേഗത മുന്‍പുള്ളതിനേക്കാള്‍ വളരെ കൂടുതലാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.


എഐയെ വെറുമൊരു ഭീഷണിയായി കാണാതെ അതിനെ ഒരു അനുകൂല ഘടകമാക്കി മാറ്റാന്‍ കമ്പനികള്‍ ശ്രമിക്കണം. പഴയ ജോലികള്‍ നഷ്ടമാകുന്നതിനേക്കാള്‍ വേഗത്തില്‍ പുതിയ നൂതന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുക എന്നതാണ് ഇതിനുള്ള ഏക സമവാക്യമെന്നും സിക്ക കൂട്ടിചേര്‍ത്തു.

Advertisment