/sathyam/media/media_files/2026/02/26/vk-sasikala-2026-02-26-13-46-33.jpg)
ചെന്നൈ: എഐഎഡിഎംകെയില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ നേതാവ് വി.കെ. ശശികല പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുന്നു. പാര്‍ട്ടിയുടെ പേര് ഒരാഴ്ചയ്ക്കുള്ളില്‍ ഔദ്യോഗികമായി അറിയിക്കുമെന്ന് വ്യാഴാഴ്ച ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അവര്‍ പറഞ്ഞു. 2026-ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി നിര്‍ണ്ണായക ശക്തിയാകുമെന്നും ശശികല അവകാശപ്പെട്ടു.
മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയായിരുന്ന ശശികല, ഒമ്പത് വര്‍ഷത്തെ രാഷ്ട്രീയ ഇടവേളയ്ക്ക് ശേഷമാണ് സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തുന്നത്.
ജയലളിതയുടെ 78-ാം ജന്മദിനത്തോടനുബന്ധിച്ച് രാമനാഥപുരത്ത് നടന്ന പൊതുസമ്മേളനത്തില്‍ ശശികല പുതിയ പാര്‍ട്ടി പതാക പുറത്തിറക്കിയിരുന്നു. കറുപ്പ്, വെള്ള, ചുവപ്പ് നിറങ്ങളിലുള്ള പതാകയില്‍ സി.എന്‍. അണ്ണാദുരൈ, എം.ജി.ആര്‍, ജയലളിത എന്നിവരുടെ ചിത്രങ്ങളാണുള്ളത്.
പുതിയ പാര്‍ട്ടിക്കായി വിവിധ കക്ഷികളുമായി സഖ്യചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും ഉടന്‍ തന്നെ നല്ലൊരു തീരുമാനമുണ്ടാകുമെന്നും അവര്‍ വിമാനത്താവളത്തില്‍ പറഞ്ഞു.
എഐഎഡിഎംകെ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് സ്വന്തം പാര്‍ട്ടി രൂപീകരിക്കാന്‍ ശശികല തീരുമാനിച്ചത്.
'പാര്‍ട്ടിയുടെ ഐക്യത്തിനായി ഇത്രയും കാലം ഞാന്‍ നിശബ്ദയായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യം എന്നെ ഈ തീരുമാനമെടുക്കാന്‍ നിര്‍ബന്ധിതയാക്കി. 2017-ല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിയ തന്നെ പളനിസ്വാമി വഞ്ചിച്ചു.' - വി.കെ. ശശികല പറഞ്ഞു.
അഴിമതിക്കേസിലെ ശിക്ഷയെത്തുടര്‍ന്ന് 2027 വരെ ശശികലയ്ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നിയമപരമായ വിലക്കുണ്ട്. എങ്കിലും 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്നും ഡിഎംകെയ്ക്കും എഐഎഡിഎംകെയ്ക്കും ശക്തമായ വെല്ലുവിളി ഉയര്‍ത്തുമെന്നും അവര്‍ വ്യക്തമാക്കി.
വളരെ കുറഞ്ഞ സമയം കൊണ്ട് പാര്‍ട്ടി സംവിധാനം കെട്ടിപ്പടുക്കുന്നത് പ്രയാസകരമാകില്ലേ എന്ന ചോദ്യത്തിന്, തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് തന്നെ നന്നായി അറിയാമെന്നും അവര്‍ക്ക് ഇടയിലേക്ക് എത്താന്‍ ബുദ്ധിമുട്ടില്ലെന്നും ശശികല മറുപടി നല്‍കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us