60 ലക്ഷം വോട്ടർമാരുടെ വിധി ഇനി ജഡ്ജിമാരുടെ കൈകളിൽ; ബംഗാളിൽ വോട്ടർ പട്ടിക പുതുക്കാൻ തീവ്രശ്രമം

സുതാര്യത ഉറപ്പാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് ഈ പോര്‍ട്ടലില്‍ നേരിട്ട് പ്രവേശനം ഉണ്ടായിരിക്കില്ല.

New Update
Untitled

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കാനുള്ള നടപടികള്‍ നിര്‍ണ്ണായക ഘട്ടത്തിലേക്ക്.

Advertisment

പട്ടികയില്‍ കണ്ടെത്തിയ 60 ലക്ഷം വോട്ടര്‍മാരുടെ പേരുകള്‍ കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ വെരിഫിക്കേഷന്‍ നടത്തി തീര്‍പ്പാക്കുമെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്റെ ഭാഗമായാണ് ഈ നടപടി.


ആകെ തിരിച്ചറിഞ്ഞ 1.52 കോടി പേരുകളില്‍ നിന്നാണ് 60 ലക്ഷം പേരെ സൂക്ഷ്മ പരിശോധനയ്ക്കായി തിരഞ്ഞെടുത്തത്. ഇതില്‍ 'ലോജിക്കല്‍ ഡിസ്‌ക്രിപ്പന്‍സി' (യുക്തിസഹമല്ലാത്ത പിശകുകള്‍) ഉള്ള 1.20 കോടി പേരുകളും, കൃത്യമായ വിലാസമില്ലാത്ത 32 ലക്ഷം പേരുകളും ഉള്‍പ്പെടുന്നു.

മുര്‍ഷിദാബാദ് ജില്ലയിലാണ് പട്ടികയില്‍ ഏറ്റവും കൂടുതല്‍ പേരുകളുള്ളത്. തൊട്ടുപിന്നില്‍ വടക്കന്‍, തെക്കന്‍ 24 പര്‍ഗാനാസ് ജില്ലകളാണ്.


ഈ ബൃഹത്തായ പ്രക്രിയയ്ക്കായി കൊല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് 202 ജുഡീഷ്യല്‍ ഓഫീസര്‍മാരെ നിയോഗിച്ചു കഴിഞ്ഞു. ഓരോ നിയമസഭാ മണ്ഡലത്തിലും ഒരു ജഡ്ജി എന്ന നിലയില്‍ 294 പേരെയാണ് കമ്മീഷന്‍ ആവശ്യപ്പെട്ടത്. ഇതിന്റെ ഭാഗമായി അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ബംഗാളി ഭാഷ അറിയാവുന്ന ജഡ്ജിമാരെയും നിയമിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കി.


ഒരു പ്രത്യേക പോര്‍ട്ടല്‍ വഴിയാണ് പരിശോധന നടക്കുന്നത്. വോട്ടര്‍മാരുടെ രേഖകള്‍ പരിശോധിച്ച ശേഷം അപേക്ഷ സ്വീകരിക്കണോ വേണ്ടയോ എന്ന് ജഡ്ജിമാര്‍ തീരുമാനിക്കും. ഓരോ തീരുമാനത്തിനും 1000 അക്ഷരങ്ങളില്‍ കവിയാത്ത വിശദീകരണം നല്‍കണം.

ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്ക് പൂര്‍ണ്ണ സുരക്ഷ സംസ്ഥാന സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. സുതാര്യത ഉറപ്പാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് ഈ പോര്‍ട്ടലില്‍ നേരിട്ട് പ്രവേശനം ഉണ്ടായിരിക്കില്ല.


ഫെബ്രുവരി 28-നകം നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമെങ്കിലും അത് പ്രായോഗികമാണോ എന്ന കാര്യത്തില്‍ ആശങ്കയുണ്ട്. ഒരു ജഡ്ജി ഒരു ദിവസം ശരാശരി 250 രേഖകള്‍ പരിശോധിച്ചാല്‍ പോലും 60 ലക്ഷം പേരുകളുടെ പരിശോധന പൂര്‍ത്തിയാക്കാന്‍ ഏകദേശം 80 ദിവസമെടുക്കും.


തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്രസേനയെ വിന്യസിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും സജീവമാണ്. സെന്‍ട്രല്‍ മോണിറ്ററിംഗ് സിസ്റ്റം വഴി സേനയുടെ ചലനങ്ങള്‍ നിരീക്ഷിക്കാനും തീരുമാനമായിട്ടുണ്ട്. വോട്ടര്‍ പട്ടികയുടെ സപ്ലിമെന്ററി ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് കോടതിയുടെ നടപടികളുടെ വേഗതയെ ആശ്രയിച്ചിരിക്കും.

Advertisment