ഡല്‍ഹി: ഇന്ത്യയുടെ പത്താമത്തെ പ്രധാനമന്ത്രിയും, കോണ്‍ഗ്രസിന്റെ സമുന്നത നേതാവുമായ വിശ്വനാഥ് പ്രതാപ് സിംഗ് എന്ന വിപി സിംഗ് ഓര്‍മ്മയായിട്ട് 16 വര്‍ഷം. 1931 ജൂണ്‍ 25 ന് അലഹബാദില്‍ ജനിച്ചു.
കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായിരിക്കെ കോണ്‍ഗ്രസ് വിട്ട് ജനമോര്‍ച്ച എന്ന സംഘടനക്ക് രൂപം നല്‍കുകയും പിന്നീട് ജനതാദള്‍ എന്ന രാഷ്ട്രീയ പാര്‍ട്ടിയായി പരിണമിക്കുകയും ചെയ്തു.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായും രാജീവ് ഗാന്ധിയുടെ ക്യാബിനറ്റില്‍ കേന്ദ്രമന്ത്രിയായും അദ്ദേഹം പ്രവര്‍ത്തിച്ചു. 1989ല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായി.
ഒരു വര്‍ഷം പൂര്‍ത്തീകരിക്കാന്‍ 21 ദിവസം ബാക്കി നില്‍ക്കെ അപ്രതീക്ഷിതമായ രാഷ്ട്രീയ നീക്കത്താല്‍ പ്രധാനമന്ത്രിപദം രാജിവെക്കേണ്ടി വന്നു.
ന്യൂനപക്ഷ പിന്നോക്ക ജനവിഭാഗങ്ങള്‍ക്ക് തൊഴില്‍ സംരക്ഷണം ഉറപ്പുവരുത്താനും അവശ ജനവിഭാഗങ്ങളുടെ സാമൂഹ്യമായ ഉന്നമനത്തിന് വേണ്ടി മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനും വിപി സിംഗിന് സാധിച്ചു.
വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ വാരണാസിയിലെ ഉദയപ്രതാപ് കോളേജിലെ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ആയിട്ടാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്.
1957 ലെ ഭൂദാന പ്രക്ഷോഭത്തിലെ സജീവ സാന്നിദ്ധ്യമായിരുന്ന അദ്ദേഹം അലഹബാദിലെ തന്റെ വിശാലമായ കൃഷിയിടം ജനങ്ങള്‍ക്ക് ദാനം ചെയ്ത് അവരുടെ ഇടയില്‍ ചിരപ്രതിഷ്ഠ നേടി.
1998 ല്‍ സിംഗിന് അര്‍ബുദരോഗമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ അദ്ദേഹം പൊതു വേദികളില്‍ നിന്നും ഒഴിഞ്ഞു നിന്നു. 2008 നവംബര്‍ 27 ന് 77 ആം വയസ്സില്‍ ഡല്‍ഹിയിലെ അപ്പോളോ ആശുപത്രിയില്‍ വെച്ച് അന്തരിച്ചു.