വിഎസിന്റെ വിയോഗം സംസ്ഥാനത്തെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളില്‍ പലതരത്തിലുളള ചലനങ്ങള്‍ക്ക് വഴിയൊരുക്കിയേക്കാമെന്ന ജി.സുധാകരന്റെ പ്രവചനം ഫലം കാണുന്നുവോ? സമ്മേളനത്തിലെ പൊതു ചര്‍ച്ചയിലും വി.എസിനെ ആക്രമിക്കാന്‍ ആസൂത്രിത പദ്ധതി നടന്നുവെന്ന് വെളിപ്പെടുത്തല്‍. പിരപ്പന്‍കോട് മുരളിയിലൂടെയും സുരേഷ് കുറുപ്പിലൂടെയും പുറത്തുവരുന്നത് വി.എസിനെ പരമാവധി ശിക്ഷക്ക് വിധേയമാക്കിയ നേതൃത്വത്തോടുളള എതിര്‍പ്പ്

അതുകൊണ്ടുതന്നെ ആരോപണം തന്നിലേക്ക് വരുമെന്ന ആശങ്കയിലാണ് ചിന്താ ജെറോം രംഗത്തിറക്കിയിരുന്നത്.

New Update
vs achuthanandan

തിരുവനന്തപുരം: വി.എസിന്റെ വിയോഗം കേരള രാഷ്ട്രീയത്തിനൊപ്പം സംസ്ഥാനത്തെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിലും പലതരത്തിലുളള ചലനങ്ങള്‍ക്ക് വഴിയൊരുക്കിയേക്കാമെന്ന മുതിര്‍ന്ന സി.പി.എം നേതാവ് ജി.സുധാകരന്റെ പ്രവചനം ഫലം കാണുന്നോ? 

Advertisment

സി.പി.എം സംസ്ഥാന സമിതിയിലെ മുന്‍ അംഗം പിരപ്പന്‍കോട് മുരളിയുടെ വെളിപ്പെടുത്തലിന് പിന്നാലെ കോട്ടയം ജില്ലാ കമ്മിറ്റി അംഗവും എം.എല്‍.എയും എം.പിയും ആയിരുന്ന കെ.സുരേഷ് കുറുപ്പും തുറന്നു പറച്ചിലുമായി രംഗത്ത് വന്നതാണ് സുധാകരന്റെ പ്രവചനം ഫലിക്കുകയാണോ എന്ന ചോദ്യം പാര്‍ട്ടിക്കുളളില്‍ ഉയര്‍ന്നുവരാന്‍ കാരണം. 


2012ലെ തിരുവനന്തപുരം സംസ്ഥാന സമ്മേളനത്തില്‍ മാത്രമല്ല 2015ല്‍ വി.എസിന്റെ ജന്മനാടായ ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനത്തിലും വി.എസിനെ ക്യാപിറ്റല്‍ പണിഷ്‌മെന്റിന് വിധേയനാക്കണമെന്ന ആവശ്യം ഉയര്‍ന്നുവന്നുവെന്നാണ് സുരേഷ് കുറുപ്പിന്റെ തുറന്നു പറച്ചിലിലൂടെ സ്ഥിരീകരിക്കപ്പെടുന്നത്.

vs achuthanandan-5

സംസ്ഥാന സമ്മേളനങ്ങളിലെ പൊതു ചര്‍ച്ചയില്‍ വി.എസിനെ പരമാവധി ശിക്ഷക്ക് വിധേയനാക്കണമെന്ന ആവശ്യം ഉന്നയിക്കപ്പെട്ടതില്‍ പ്രതിഷേധമുളളവര്‍ അദ്ദേഹത്തിന്റെ നിര്യാണത്തിന് ശേഷം അത് പരസ്യമായി പ്രകടിപ്പിക്കാന്‍ തയാറായി വന്നിരിക്കുന്നു എന്നാണ് പിരപ്പന്‍കോട് മുരളിയുടെയും കെ.സുരേഷ് കുറുപ്പിന്റെയും പ്രതികരണങ്ങളിലൂടെയും വ്യക്തമാകുന്നത്.

ചര്‍ച്ചയില്‍ ആവശ്യപ്പെട്ടത് പോലെ പൊളിറ്റ് ബ്യൂറോയില്‍ നിന്ന് ഒഴിവാക്കി നിര്‍ത്തിക്കൊണ്ട് വി.എസിനെ പരമാവധി ശിക്ഷക്ക് വിധേയമാക്കിയ നേതൃത്വത്തോടുളള എതിര്‍പ്പാണ് പിരപ്പന്‍കോട് മുരളിയിലൂടെയും സുരേഷ് കുറുപ്പിലൂടെയും പുറത്തുവരുന്നത്.


ആലപ്പുഴ സംസ്ഥാന സമ്മേളനത്തിന്റെ തൊട്ടുതലേന്ന് അന്ന് സംസ്ഥാന സെക്രട്ടറിയായിരുന്ന ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരമാര്‍ശങ്ങളായിരുന്നു വി.എസിനെ സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോരാന്‍ പ്രേരിപ്പിച്ചതെന്നായിരുന്നു ഇതുവരെ എല്ലാവരും കരുതിയിരുന്നത്.


വി.എസിന് പാര്‍ട്ടി വിരുദ്ധ മാനസികാവസ്ഥ ബാധിച്ചിരിക്കുന്നു എന്നാണ് അന്ന് പിണറായി വിജയന്‍ വാര്‍ത്താസമ്മേളനം നടത്തി പറഞ്ഞത്. സംസ്ഥാന സെക്രട്ടേറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയിലും ഈ ആരോപണം ആവര്‍ത്തിച്ചിരുന്നു.'വിഭാഗീയ ഉദ്ദേശ്യത്തോടെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് വി.എസ് തുടരുന്നു എന്നതാണ് ഈ രേഖയിലൂടെ വ്യക്തമാകുന്നത്.

suresh kurup

ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ടു പാര്‍ട്ടി നേരത്തെ നിലപാടു വ്യക്തമാക്കിയതാണ്. പാര്‍ട്ടി അംഗീകരിച്ച പൊതു നിലപാടില്‍ നിന്ന് വ്യത്യസ്തമായ പരസ്യ പ്രസ്താവനകള്‍ വി.എസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതാണ്.

അതേ നിലപാടു തുടരുകയും പാര്‍ട്ടിയില്‍ ഫാഷിസ്റ്റ് മനോഭാവം ആരോപിക്കുകയും ചെയ്യുന്ന പാര്‍ട്ടിവിരുദ്ധ മാനസികാവസ്ഥയിലേക്ക് വി.എസ് തരംതാണിരിക്കുന്നു'' ഇതായിരുന്നു സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ പ്രസ്താവനയിലെ പരാമര്‍ശം.


ആലപ്പുഴ സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ പോകുന്ന റിപോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ക്കെതിരെ കേന്ദ്ര നേതൃത്വത്തിന് വി.എസ് നല്‍കിയ കുറിപ്പ് മലയാള മനോരമ പ്രസിദ്ധീകരിച്ചതാണ് പിണറായിയെ പ്രകോപിപ്പിച്ചത്. വി.എസ് പാര്‍ട്ടി വിരുദ്ധ മാനസികാവസ്ഥയിലേക്ക് തരംതാണിരിക്കുന്നു എന്ന് പരസ്യമായി പറയാന്‍ കാരണവും അതുതന്നെ.


എന്നാല്‍ പാര്‍ട്ടി സെക്രട്ടേറിയേറ്റ് പ്രസ്താവനയിലൂടെ അപമാനിച്ചതിന് പിന്നാലെ സമ്മേളനത്തിലെ പൊതു ചര്‍ച്ചയിലും വി.എസിനെ ആക്രമിക്കാന്‍ ആസൂത്രിത പദ്ധതി നടന്നുവെന്നാണ് കെ.സുരേഷ് കുറുപ്പിന്റെ വെളിപ്പെടുത്തലിലൂടെ സ്ഥിരീകരിക്കപ്പെടുന്നത്.

pinarayi

വളഞ്ഞുവെച്ച് ആക്രമിക്കാനുളള പാര്‍ട്ടി നേതൃത്വത്തിന്റെ നീക്കം തിരിച്ചറിഞ്ഞാണ് വി.എസ് ആലപ്പുഴ സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപോന്നതെന്നും സുരേഷ് കുറുപ്പിന്റെ വെളിപ്പെടുത്തല്‍ സ്ഥിരീകരിക്കുന്നു.

വി.എസിന്റെ നിര്യാണം സി.പി.എമ്മില്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ കൂടിയാണ് പിരപ്പന്‍കോടിന്റെയും സുരേഷ് കുറുപ്പിന്റെയും പ്രതികരണങ്ങള്‍. ഇവര്‍ ഇരുവരും സജീവ പാര്‍ട്ടി പ്രവര്‍ത്തനം നിര്‍ത്തിയവരാണ് എന്നത് മാത്രമാണ് സി.പി.എമ്മിന് ആശ്വാസപകരുന്ന കാര്യം. എന്നാല്‍ വെളിപ്പെടുത്തല്‍ നടത്തിയ പിരപ്പന്‍കോട് മുരളിയും സുരേഷ് കുമാറും പാര്‍ട്ടിയിലും പൊതുസമൂഹത്തിലും നല്ല വിശ്വാസ്യതയുളള നേതാക്കളാണ്.

അതാണ് സി.പി.എം നേതൃത്വത്തിന് ആശങ്ക പകരുന്നത്. വെളിപ്പെടുത്തല്‍ പാര്‍ട്ടി തളളിയാലും പാര്‍ട്ടിയിലുളളവര്‍ പൂര്‍ണമായും തളളിക്കളയാനിടയില്ല.

cpm


പിരപ്പന്‍കോട് മുരളി തുറന്നുവിടുകയും സുരേഷ് കുറുപ്പ് സ്ഥിരീകരിക്കുകയും ചെയ്ത ക്യാപിറ്റല്‍ പണിഷ്‌മെന്റ് പരാമര്‍ശം തള്ളി സംസ്ഥാന നേതാക്കള്‍ രംഗത്ത് വന്നു. ടെലിവിഷന്‍ ചാനലുകള്‍ക്ക് നല്‍കിയ പ്രതികരണത്തില്‍ സംസ്ഥാന സമിതി അംഗങ്ങളായ ചിന്താ ജെറോമിം ഡി.കെ.മുരളി എം.എല്‍.എയുമാണ് സുരേഷ് കുറുപ്പിനെ തളളിയത്.


ആലപ്പുഴ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്തവര്‍ എന്ന നിലയില്‍ സുരേഷ് കുറുപ്പിന്റെ പ്രസ്താവന തെറ്റാണെന്ന് ഉറപ്പിച്ച് പറയാന്‍ കഴിയുമെന്നാണ് ചിന്തയുടെയും ഡി.കെ.മുരളിയുടെയും ന്യായീകരണം.ആലപ്പുഴ സമ്മേളനത്തില്‍ വി.എസിനെ ക്യാപിറ്റല്‍ പണിഷ്‌മെന്റ് നടത്തണമെന്ന് പറഞ്ഞത് പെണ്‍കുട്ടിയാണെന്നാണ് സുരേഷ് കുറുപ്പ് പറഞ്ഞത്.

അതുകൊണ്ടുതന്നെ ആരോപണം തന്നിലേക്ക് വരുമെന്ന ആശങ്കയിലാണ് ചിന്താ ജെറോം രംഗത്തിറക്കിയിരുന്നത്.

ക്യാപിറ്റല്‍ പണിഷ്‌മെന്റ് എന്ന വാക്ക് മാധ്യമങ്ങളുടെ സൃഷ്ടിയാണെന്നും  ഇപ്പോള്‍ വിമര്‍ശനം ഉയര്‍ത്തി കൊണ്ടുവരുന്നത് ദൗര്‍ഭാഗ്യകരം ആണെന്നുമാണ് ചിന്തയുടെ ന്യായീകരണം.

 

Advertisment