Advertisment

വിഎസ്എസ്‍സി പരീക്ഷ തട്ടിപ്പ് സംഘം മറ്റ് മൂന്ന് പരീക്ഷകളിൽ കൂടി കൃത്രിമം നടത്തി; റദ്ദാക്കാൻ റിപ്പോർട്ട് നല്‍കും

ഹരിയാനയിലെ ഗ്രാമത്തലവന്റെ സഹോദരന്‍ കൂടിയായ ദീപക് ആള്‍മാറാട്ടം നടത്തി പരീക്ഷ എഴുതാന്‍ ആറ് മുതല്‍ ഏഴ് ലക്ഷം രൂപ വരെയാണ് ഈടാക്കിയിരുന്നത്.

New Update
vssc thattipp

തിരുവനന്തപുരം: വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിലെ (വിഎസ്എസ്‍സി) ടെക്നിക്കല്‍ - ബി തസ്തികയിലേക്ക് നടന്ന പരീക്ഷയില്‍ തട്ടിപ്പ് നടത്തിയ മൂന്ന് പ്രതികളെ ഹരിയാനയില്‍ നിന്ന് കേരളത്തില്‍ എത്തിച്ചു. ഹരിയാന സ്വദേശി ദീപക് ഷിയോകന്ദ് ആണ് തട്ടിപ്പിന്റെ സൂത്രധാരന്‍ എന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.

Advertisment

പരീക്ഷയെഴുതാന്‍ അപേക്ഷ നല്‍കിയിരുന്ന ഉദ്യോഗാര്‍ത്ഥി ഋഷിപാലാണ് ഹരിയാനയില്‍ നിന്ന് കേരള പൊലീസ് അറസ്റ്റ് ചെയ്ത് മറ്റൊരു പ്രതി. ഇയാള്‍ക്ക് വേണ്ടി തിരുവനന്തപുരത്ത് എത്തി പരീക്ഷ എഴുതിയത് അമിത്ത് എന്നയാളായിരുന്നു. ഇയാളെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തു.

 ഹരിയാനയിലെ ഗ്രാമത്തലവന്റെ സഹോദരന്‍ കൂടിയായ ദീപക് ആള്‍മാറാട്ടം നടത്തി പരീക്ഷ എഴുതാന്‍ ആറ് മുതല്‍ ഏഴ് ലക്ഷം രൂപ വരെയാണ് ഈടാക്കിയിരുന്നത്. മുഖ്യസൂത്രധാരന്‍ ദീപകിന്റഎ സഹായിയായ ലഖ്‌വിന്ദർ എന്നയാളെയും അറസ്റ്റ് ചെയ്ത് കേരളത്തില്‍ എത്തിച്ചു. അതേസമയം മറ്റ് മൂന്ന് പരീക്ഷകളില്‍ കൂടി സംഘം തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് കേരള പൊലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

ഈ പരീക്ഷകളും റദ്ദാക്കാൻ അതത് സ്ഥാപനങ്ങള്‍ക്ക്  റിപ്പോർട്ട് നൽകുമെന്ന് തിരുവനന്തപുരം സിറ്റി പൊലിസ് കമ്മീഷണർ അറിയിച്ചു. തട്ടിപ്പ് നടന്നെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിൽ പരീക്ഷ നേരത്തെ റദ്ദാക്കിയിരുന്നു. ആൾമാറാട്ടവും ഹൈടെക് കോപ്പിയടിയും കണ്ടെത്തിയ സാഹചര്യത്തിലാണ് പരീക്ഷ റദ്ദാക്കിയത്. പരീക്ഷ വീണ്ടും നടത്തുമെന്ന് വിഎസ്എസ്‌സി അധികൃതർ അറിയിച്ചു.  

സുനിൽ എന്ന പേരിൽ പരീക്ഷ എഴുതിയ ഗൗതം ചൗഹാനും സുമിത്ത് എന്ന പേരിൽ പരീക്ഷക്കെത്തിയ മനോജ് കുമാറുമാണ് ആദ്യം പിടിയിലായത്. ചോദ്യ പേപ്പറിന്റെ ചിത്രം പകർത്തി, ഫോൺ വഴി ആള്‍മാറാട്ടക്കാർ ഹരിയാനയിലെ ഹൈടെക് സംഘത്തിന് അയച്ചു കൊടുത്താണ് പരീക്ഷയില്‍ തട്ടിപ്പ് നടത്തിയത്. പുറത്തുള്ള സംഘം ഉത്തരങ്ങള്‍ പരീക്ഷാ ഹാളിലുള്ളവരുടെ ചെവിക്കുള്ളിലെ ചെറിയ ബ്ലൂ ടൂത്ത് ഇയര്‍ഫോണ്‍ വഴി പറഞ്ഞു നൽകി.

തട്ടിപ്പിന് സംഘം ഉപയോഗിച്ച സിം കാർഡ് യഥാർത്ഥ ഉദ്യോഗാർത്ഥിയുടേതാണ്.  വിമാനത്തിൽ വന്ന് വിമാനത്തിൽ തിരിച്ചുപോകാനായിരുന്നു പ്രതികളുടെ പദ്ധതി. വിമാന ടിക്കറ്റ് അടക്കമായിരുന്നു ഓഫർ. തിരുവനന്തപുരം മ്യൂസിയം എസ്ഐ ജിജുവിന് ലഭിച്ച രഹസ്യ വിവരമാണ് വൻ തട്ടിപ്പ് പുറത്തു കൊണ്ടുവന്നത്.

vssc exam
Advertisment