/sathyam/media/media_files/2025/04/17/xnXwAEOJn5KiNUShMNY2.jpg)
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന് തിരിച്ചടി നൽകി വഖഫ് നിയമഭേദഗതിക്ക് സുപ്രീംകോടതിയുടെ ഭാഗിക സ്‌റ്റേ. വിവാദ മായ ചില വകുപ്പുകളാണ് നിലവിൽ കോടതി സ്റ്റേ ചെയ്തിട്ടുള്ളത്.
വഖഫ് സമർപ്പണത്തിന് ഒരാൾ അഞ്ച് വർഷമായി ഇസ്ലാം മതം ആചരിക്കുന്ന വ്യക്തിയായിരിക്കണം എന്ന സെക്ഷൻ 3(1)(r)ലെ വ്യവസ്ഥ നിർണ്ണയിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരുകൾ ചട്ടങ്ങൾ രൂപീകരിക്കുന്നത് വരെയാണ് സ്റ്റേ ചെയ്തത്.
സർക്കാർ ഭൂമി കൈയേറി വഖഫിലേക്ക് മാറ്റിയിട്ടുണ്ടോ എന്ന തർക്കം തീർപ്പാക്കാൻ സർക്കാരിന്റെ നിയുക്ത ഉദ്യോഗസ്ഥനെ അനുവദിക്കുന്ന നിയമത്തിലെ വ്യവസ്ഥയും കോടതി തടഞ്ഞിലട്ടുണ്ട്.
ഒരു എക്സിക്യൂട്ടീവ് ഉദ്യോഗസ്ഥന് പൗരന്മാരുടെ വ്യക്തിപരമായ അവകാശങ്ങളിൽ തീർപ്പുകൽപ്പിക്കാൻ അനുവാദം നൽകാനാവില്ലെന്നും ഇത് അധികാര വിഭജനത്തിന്റെ ലംഘനമാകുമെന്നും കോദടതി നിരീക്ഷിച്ചു.
വഖഫ് ബോർഡുകളിൽ സാധ്യമാകുന്നിടത്തോളം ബോർഡിലെ എക്‌സ്-ഒഫീഷ്യോ അംഗം ഒരു മുസ്ലീം ആയിരിക്കണമെന്ന് കോടതി നിരീക്ഷിച്ചു.
കേന്ദ്ര വഖഫ് കൗൺസിലിൽ നാലിൽ കൂടുതൽ അമുസ്ലിം അംഗങ്ങൾ ഉണ്ടാകരുതെന്നും, സംസ്ഥാന വഖഫ് ബോർഡിൽ മൂന്നിൽ കൂടുതൽ അമുസ്ലിം അംഗങ്ങൾ ഉണ്ടാകരുതെന്നും കോടതി വ്യക്തമാക്കി.
രജിസ്‌ട്രേഷൻ നിർബന്ധമാക്കുന്നത് ഒരു പുതിയ വ്യവസ്ഥയല്ല. 1995-ലെയും 2013-ലെയും മുൻ നിയമങ്ങളിലും ഈ നിബന്ധനയുണ്ടായിരുന്നുവെന്നും വ്യക്തമാക്കിയ കോടതി ഈ വ്യവസ്ഥയിൽ ഇടപെട്ടില്ല.
അതേസമയം, രജിസ്‌ട്രേഷനുള്ള സമയപരിധി കോടതി നീട്ടി നൽകിയിട്ടുണ്ട്. തങ്ങളുടെ നിരീക്ഷണങ്ങൾ പ്രഥമദൃഷ്ട്യാ മാത്രമുള്ളതാണെന്നും, നിയമത്തിന്റെ സാധുതയെ ചോദ്യം ചെയ്ത് കക്ഷികൾക്ക് കൂടുതൽ വാദങ്ങൾ ഉന്നയിക്കുന്നതിന് ഇത് തടസ്സമാകില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ഏപ്രിൽ അഞ്‌ളചിനാണ് വഖഫ് നിയമഭേദഗതിക്ക് രാഷ്ട്രപതി അംഗീകാരം നൽകിയത്. ഭേദഗതി യുടെ സാധുതയെ ചോദ്യം ചെയ്തുകൊണ്ട് കോൺഗ്രസ് എംപി മുഹമ്മദ് ജാവേദ്, എഐഎംഐഎം എംപി അസദുദ്ദീൻ ഉവൈസി എന്നിവരുൾപ്പെടെ സുപ്രീം കോടതിയിൽ ഒരു കൂട്ടം ഹർജികൾ ഫയൽ ചെയ്തിരുന്നു.
ഭേദഗതിയെ പിന്തുണച്ചുകൊണ്ട് ബിജെപി അധികാരത്തിലുള്ള ആറ് സംസ്ഥാനങ്ങളും സുപ്രീം കോടതിയെ സമീപിച്ചു.
ഹരിയാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, അസം എന്നീ സംസ്ഥാനങ്ങളാണ് കക്ഷിചേരാനുള്ള അപേക്ഷകൾ നൽകിയിരുന്നത്.
സംസ്ഥാനത്തെ മുനമ്പം ഭൂമി പ്രശ്‌നമടക്കം വഖഫിലൂടെ പരിഹരിക്കുമെന്നായിരുന്നു ബി.ജെ.പിയുടെ വാദഗതി. എന്നാൽ നിയമം പാസായിട്ടും മുനമ്പത്ത് ഒരു നടപടികളും രപത്യേകമായി ഉണ്ടായിട്ടില്ല.
ഭൂമി പ്രശ്‌നത്തിൽ ഇപ്പോഴും സമരസമിതി പിന്നാക്കം പോയിട്ടില്ല. സമരത്തിന് പുറമേ നിയമപോരാട്ടവും സമരസമിതി നടത്തുന്നുണ്ട്.