Advertisment

വഖഫ് നിയമത്തിന് ഭരണഘടനയിൽ സ്ഥാനമില്ല, കോൺ​ഗ്രസ് നിയമം കൊണ്ടുവന്നത് ഒരു സമുദായത്തെ പ്രീണിപ്പിക്കാൻ; മഹാരാഷ്ട്രയിലെ വിജയത്തിന് പിന്നാലെ കോൺഗ്രസിനെ കടന്നാക്രമിച്ച് നരേന്ദ്ര മോദി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
PM Modi

ന്യൂഡൽഹി: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലെ വൻ വിജയത്തിന് ശേഷം ബി.ജെ.പി ആസ്ഥാനത്ത് നടത്തിയ വിജയ പ്രസംഗത്തിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വഖഫ് നിയമത്തിന് ഭരണഘടനയിൽ സ്ഥാനമില്ലെന്നും ഒരു സമുദായത്തെ പ്രീണിപ്പിക്കാൻ വേണ്ടിയാണ് കോൺ​ഗ്രസ് വഖഫ് നിയമം കൊണ്ടുവന്നതെന്നും മോദി പറഞ്ഞു. 

Advertisment

മഹാരാഷ്ട്ര തെരഞ്ഞെടുപ്പിലും വിവിധ സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളിലും ഛിദ്രശക്തികളെയും നിഷേധാത്മക രാഷ്ട്രീയത്തെയും പരാജയപ്പെടുത്തിയെന്നും മോദി പറഞ്ഞു. സ്ഥിരതയ്ക്കുവേണ്ടിയാണ് മഹാരാഷ്ട്രയിലെ ജനങ്ങൾ വോട്ട് ചെയ്തതെന്നും അസ്ഥിരത സൃഷ്ടിക്കാൻ ശ്രമിച്ചവരെ പാഠം പഠിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.

ജാർഖണ്ഡിലെ ജനങ്ങൾക്ക് മുന്നിൽ താൻ തലകുനിക്കുന്നുവെന്നും സംസ്ഥാനത്തിൻ്റെ വികസനത്തിനായി ബിജെപി കൂടുതൽ തീക്ഷ്ണതയോടെ പ്രവർത്തിക്കുമെന്നും മോദി പറഞ്ഞു. 'ഏക് ഹായ് തോ സേഫ് ഹേ' എന്നത് രാജ്യത്തിൻ്റെ മുഴുവൻ 'മഹാമന്ത്ര'മായി മാറിയെന്നും രാജ്യത്തെ ജാതിയുടെയും മതത്തിൻ്റെയും പേരിൽ വിഭജിക്കാൻ ആഗ്രഹിക്കുന്നവരെ അത് ശിക്ഷിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനയുടെ പേരിൽ നുണകൾ പ്രചരിപ്പിക്കുന്നതിലൂടെ, പട്ടികജാതി (എസ്‌സി), പട്ടികവർഗ (എസ്‌ടി), മറ്റ് പിന്നാക്ക വിഭാഗങ്ങൾ (ഒബിസി) എന്നിവരെ ചെറിയ ഗ്രൂപ്പുകളായി വിഭജിക്കാമെന്ന് കരുതിയ കോൺഗ്രസിന് കിട്ടിയ കനത്ത പ്രഹരമാണ് മഹാരാഷ്ട്രയിലെ ജനവിധി. 

കർണാടക, തെലങ്കാന, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നൽകിയ വ്യാജ വാഗ്ദാനങ്ങളുടെ അടിസ്ഥാനത്തിലാണ് മഹാരാഷ്ട്രയിലെ വോട്ടർമാർ കോൺഗ്രസിനെ വിലയിരുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവരുടെ കപട വാഗ്ദാനങ്ങളോ അപകടകരമായ അജണ്ടയോ മഹാരാഷ്ട്രയിൽ പ്രവർത്തിച്ചിട്ടില്ലെന്നും മോദി പറഞ്ഞു.

ലോകത്തെ ഒരു ശക്തിക്കും ആർട്ടിക്കിൾ 370 തിരികെ കൊണ്ടുവരാനും ഭരണഘടനയെ അപമാനിക്കാനും കഴിയില്ലെന്ന് മോദി പറഞ്ഞു.

Advertisment