കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍ വെള്ളിയാഴ്ച വീണ്ടും അക്രമം പൊട്ടിപ്പുറപ്പെട്ടു. നിംതിറ്റ സ്റ്റേഷനില്‍ നിര്‍ത്തിയിരുന്ന ഒരു ട്രെയിനിന് നേരെ ജനക്കൂട്ടം കല്ലെറിഞ്ഞു.
ജനക്കൂട്ടം സ്റ്റേഷന്‍ സ്വത്തുക്കളും നശിപ്പിച്ചു. അക്രമത്തില്‍ ഏഴ് മുതല്‍ പത്ത് വരെ പോലീസുകാര്‍ക്ക് പരിക്കേറ്റു. അക്രമം നിയന്ത്രിക്കാന്‍ അതിര്‍ത്തി സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്.
സംഭവത്തെത്തുടര്‍ന്ന് കുറഞ്ഞത് രണ്ട് ട്രെയിനുകളെങ്കിലും റദ്ദാക്കി. അഞ്ച് ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു. ആക്രമണത്തില്‍ കുറച്ച് യാത്രക്കാര്‍ക്കും പരിക്കേറ്റു.
കൂടാതെ മുര്‍ഷിദാബാദില്‍ പ്രതിഷേധക്കാര്‍ പോലീസുമായി ഏറ്റുമുട്ടുകയും വാഹനങ്ങള്‍ കത്തിക്കുകയും നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തു.
നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഗവര്‍ണര്‍ സി.വി. ആനന്ദ ബോസ് അക്രമത്തിലേക്ക് തിരിയുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും, അംതല, സുതി, ധൂലിയാന്‍, മുര്‍ഷിദാബാദ്, നോര്‍ത്ത് 24 പര്‍ഗാനാസ് എന്നിവിടങ്ങളിലെ സെന്‍സിറ്റീവ് പ്രദേശങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ അസ്വസ്ഥതകള്‍ക്ക് കാരണക്കാരായ അക്രമികള്‍ക്കെതിരെ ഉടനടി ഫലപ്രദവുമായ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.