/sathyam/media/media_files/2026/02/07/untitled-2026-02-07-10-19-11.jpg)
ഡല്‍ഹി: പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഒരു വീട്ടില്‍ ഡൈനിംഗ് ടേബിളിന് മുകളില്‍ മുറിക്കാത്ത ഒരു കേക്ക് ഇപ്പോഴുമുണ്ട്.
അച്ഛന്റെയും അമ്മയുടെയും വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ മകന്‍ കൊണ്ടുവന്ന കേക്ക്. എന്നാല്‍ മെഴുകുതിരികള്‍ തെളിക്കാനോ സന്തോഷം പങ്കുവെക്കാനോ കാത്തുനില്‍ക്കാതെ മരണം അവനെ വഴിമധ്യേ തട്ടിയെടുത്തു. 25-കാരനായ കമല്‍ ധ്യാനിയാണ് അധികൃതരുടെ അനാസ്ഥയില്‍ ജീവന്‍ പൊലിഞ്ഞ ആ നിര്‍ഭാഗ്യവാന്‍.
വെള്ളിയാഴ്ച പുലര്‍ച്ചെ 12.50-നാണ് കമല്‍ തന്റെ ഇരട്ടസഹോദരന്‍ കരണിനെ വിളിച്ചത്. '15 മിനിറ്റിനുള്ളില്‍ ഞാന്‍ എത്തും, അമ്മയോട് ചപ്പാത്തി ഉണ്ടാക്കാന്‍ പറയൂ' എന്നതായിരുന്നു അവസാന വാക്കുകള്‍. ജോലി കഴിഞ്ഞു തന്റെ പ്രിയപ്പെട്ട ബൈക്കില്‍ വീട്ടിലേക്ക് വരികയായിരുന്നു കമല്‍.
സമയം കഴിഞ്ഞിട്ടും കമല്‍ എത്താതായതോടെ കുടുംബം പരിഭ്രാന്തിയിലായി. രാത്രി മുഴുവന്‍ അവര്‍ പോലീസ് സ്റ്റേഷനുകളിലും റോഡുകളിലും മകനെ തിരഞ്ഞു. ഒടുവില്‍ പ്രഭാതത്തില്‍ പോലീസ് വിളിക്കുമ്പോഴാണ് ആ ദുരന്തവാര്‍ത്ത അവര്‍ അറിയുന്നത്.
ജനക്പുരിയില്‍ ഡല്‍ഹി ജല്‍ ബോര്‍ഡ് മലിനജല പൈപ്പ് ലൈന്‍ നവീകരണത്തിനായി എടുത്ത 15 അടി താഴ്ചയുള്ള കുഴിയില്‍ വീണാണ് കമല്‍ മരിച്ചത്. ഹെല്‍മറ്റ് തലയിലുണ്ടായിരുന്നിട്ടും ആ വീഴ്ചയില്‍ ജീവന്‍ രക്ഷിക്കാനായില്ല. സ്വന്തം സമ്പാദ്യത്തില്‍ നിന്ന് കഴിഞ്ഞ വര്‍ഷം വാങ്ങിയ പുതിയ ബൈക്കിനൊപ്പമാണ് മൃതദേഹം കുഴിയില്‍ കണ്ടെത്തിയത്.
സംഭവം നടന്ന സ്ഥലത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. നൂറ് മീറ്ററോളം ദൂരത്തില്‍ തെരുവ് വിളക്കുകള്‍ ഉണ്ടായിരുന്നില്ല. ഇരുട്ടുനിറഞ്ഞ റോഡില്‍ കുഴിയുണ്ടെന്നത് തിരിച്ചറിയാന്‍ സാധിക്കുമായിരുന്നില്ല.
കുഴിക്ക് ചുറ്റും കൃത്യമായ ബാരിക്കേഡുകളോ സുരക്ഷാ വലകളോ സ്ഥാപിച്ചിരുന്നില്ല. തലേദിവസം കുഴിച്ച കുഴി യാതൊരു മുന്നറിയിപ്പുമില്ലാതെ തുറന്നിട്ടിരിക്കുകയായിരുന്നു.
സംഭവത്തില്‍ മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് പോലീസ് കേസെടുത്തു. കരാറുകാരനും ജല്‍ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കുമെതിരെയാണ് കേസ്. സംഭവത്തെത്തുടര്‍ന്ന് മൂന്ന് എന്‍ജിനീയര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us